സുഖപ്പെടുത്തിയ ഡോക്ടർമാർക്ക് അജീഷിന്റെ കത്ത്: ‘നിങ്ങളിലൂടെ ഒഴുകിയെത്തി, ദൈവാനുഗ്രഹം’
Mail This Article
ആലുവ ∙ ‘‘ദൈവത്തിന്റെ അനുഗ്രഹം ഡോക്ടർമാരിലൂടെയാണ് എന്നിലേക്ക് ഒഴുകിയെത്തിയത്’’. ഈ വരികൾ അജീഷ് പോൾ എഴുതിയതാണ്, ഏറെ നാളുകൾക്കു ശേഷം സ്വന്തം െകെപ്പടയിൽ.
മറയൂരിൽ ഡ്യൂട്ടിക്കിടെ കല്ലുകൊണ്ടു തലയിൽ ഇടിയേറ്റു ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സിവിൽ പൊലീസ് ഓഫിസർ അജീഷ് പോൾ. ആശുപത്രി വിട്ടെങ്കിലും തൊടുപുഴ ചെലവിലെ വീട്ടിൽ ചികിത്സ തുടരുകയാണ്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന തന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന രാജഗിരിയിലെ ഡോക്ടർമാർക്കു ഡോക്ടേഴ്സ് ദിന ആശംസകൾ നേർന്നുകൊണ്ട് കുറിപ്പെഴുതി വാട്സാപ് ചെയ്തു കൊടുക്കുകയായിരുന്നു. ഇന്നാണു ഡോക്ടേഴ്സ് ദിനം.
അജീഷിന്റെ കുറിപ്പിൽ നിന്ന്: ‘‘മരുന്നുകൾ അസുഖം ഭേദമാക്കും. ഡോക്ടർമാർ തരുന്നതു സൗഖ്യമാണ്. അതൊരു അനുഗ്രഹമാണ്. ഈ കോവിഡ് കാലത്ത് സ്വന്തം സൗഖ്യം ത്യജിച്ചു പ്രവർത്തിക്കുകയാണു ഡോക്ടർമാർ. അവർക്കുവേണ്ടി പ്രാർഥിക്കുന്നു. നന്ദി എന്ന ഫീലിങ് വാക്കുകളിൽ പ്രകടിപ്പിക്കാൻ പറ്റുന്നതല്ല’’.
ജീവിതം കൈവിട്ടുപോയ അവസ്ഥയിലാണു കഴിഞ്ഞ മാസം അജീഷ് ആശുപത്രിയിൽ എത്തിയത്. പക്ഷേ പ്രതീക്ഷിച്ചതിലും വേഗം തിരിച്ചുവന്നു. സംസാരശേഷി തിരിച്ചുകിട്ടി. 24 ദിവസത്തിനുശേഷം ആശുപത്രി വിടുമ്പോഴും ആശയവിനിമയശേഷി പൂർവസ്ഥിതിയിൽ എത്തിയിരുന്നില്ല. എഴുതാനും വായിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും അതു വീണ്ടും വാക്കുകളും വാചകങ്ങളുമായി മാറ്റാനുമുള്ള ശേഷി തകരാറിലായ ‘അഫേസ്യ’ എന്ന അവസ്ഥയുടെ രണ്ടാം ഘട്ടത്തിലാണ് ആശുപത്രി വിടുന്നത്.
ഡോക്ടേഴ്സ് ദിന സന്ദേശം ഡോക്ടർമാർക്കു നൽകുന്നത് ഇരട്ടിമധുരമാണ്. അജീഷിന് എഴുതാനും വായിക്കാനുമുള്ള ശേഷി കൈവന്നു എന്നതിന്റെ സൂചന കൂടിയാണത്. ചികിത്സ 6 മാസം കൂടി തുടരും.
Content Highlight: Ajeesh Paul