ADVERTISEMENT

നെടുങ്കണ്ടം∙ ഏലം കർഷകന്റെ ആത്മഹത്യ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ നിരന്തര ഭീഷണിയെ തുടർന്നെന്ന് ഭാര്യയുടെ പരാതി. ഗൃഹനാഥൻ ജീവനൊടുക്കിയ ശേഷവും പണപ്പിരിവ് നടത്താനെത്തിയ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ നാട്ടുകാർ വിരട്ടിയോടിച്ചു.

ബുധനാഴ്ച പാമ്പാടുംപാറ പത്തിനിപ്പാറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മാവോലിൽ സന്തോഷിന്റെ ഭാര്യ ഗീതമ്മയാണ് പരാതി ഉയർത്തിയത്. ടാക്സി ഓട്ടത്തിനു പോകാനായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്നു വായ്പയെടുത്ത് സന്തോഷ് കാർ വാങ്ങിയിരുന്നു. എന്നാൽ ലോക്ഡൗൺ കാലത്ത് കാറിന് ഓട്ടം കിട്ടാതായി. പാമ്പാടുംപാറ ടൗണിനു സമീപം സന്തോഷ് നടത്തിയിരുന്ന ചെറിയ തുണിക്കടയും പൂട്ടിയതോടെ വരുമാനം പൂർണമായും നിലച്ചു.

കഴിഞ്ഞ 3 മാസമായി തിരിച്ചടവ് കുടിശികയായി. തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ വായ്പ തുകയും പലിശയും തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. 

ഇതോടെയാണ് സന്തോഷ് സമ്മർദത്തിലായത്. സന്തോഷിനു കടുത്ത മാനസിക ബുദ്ധിമുട്ടാണെന്നും കുടിശിക തിരിച്ചടയ്ക്കാൻ 15 ദിവസം സാവകാശം നൽകണമെന്നും ഗീതമ്മ ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും ഇവർ വിസമ്മതിച്ചു. 2014ൽ ഇടിവെട്ടി സന്തോഷിന്റെ പുരയിടവും വീടും നശിച്ചിരുന്നു. ഇതിനു പിന്നാലെ സന്തോഷിന്റെ അമ്മയ്ക്ക് കാൻസർ ബാധിച്ചതിനെ തുടർന്നു വൻ തുക ചികിത്സയ്ക്കായി ചെലവായി. കൃഷിക്കായും സന്തോഷ് ലോണെടുത്തിരുന്നു.

സന്തോഷ് മരിച്ച ബുധനാഴ്ച വൈകിട്ടും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ പണം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയിരുന്നു. നാട്ടുകാർ രോഷാകുലരായതോടെ ഇവർ സ്ഥലം വിട്ടു. മറ്റു ചില ധനകാര്യ സ്ഥാപനങ്ങളിലും സന്തോഷിനു ലോണുണ്ടായിരുന്നു. സന്തോഷിന്റെ മരണത്തിൽ നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Content Highlight: Santhosh committed suicide due to threat by private financial firm says wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com