അർജുന് സഹായം കൊടി സുനിയും ഷാഫിയും: കസ്റ്റംസ്
Mail This Article
കൊച്ചി ∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ എൻ.കെ. സുനിൽകുമാറിന്റെയും (കൊടി സുനി) മുഹമ്മദ് ഷാഫിയുടെയും തണലിലാണ് അർജുൻ ആയങ്കി സ്വർണക്കടത്തും കവർച്ചകളും നടത്തുന്നതെന്നു കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചു. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി മുഹമ്മദ് ഷഫീഖിന്റെ മൊഴികളുടെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണു കസ്റ്റംസിന്റെ റിപ്പോർട്ട്.
സ്വർണക്കടത്തു നടന്ന ജൂൺ 21നു പുലർച്ചെ ഷഫീഖ് കടത്തിക്കൊണ്ടുവന്ന 1.11 കോടി രൂപ വിലമതിക്കുന്ന 2.33 കിലോഗ്രാം സ്വർണം തട്ടിയെടുക്കാൻ 3 ക്രിമിനൽ സംഘങ്ങൾ വിമാനത്താവളത്തിൽ എത്തിയതായി കസ്റ്റംസിന്റെ റിപ്പോർട്ടിലുണ്ട്. കൊടുവള്ളി സംഘമാണു ഷഫീഖിനെ കാരിയറാകാൻ പരിശീലിപ്പിച്ചത്. പിന്നീട് അർജുന്റെ സംഘത്തോടായി ഷഫീഖിനെ കൂറ്. എന്നാൽ, പിടിക്കപ്പെട്ട ദിവസം മറ്റൊരു സംഘത്തിനു സ്വർണം കൈമാറാൻ ധാരണയായിരുന്നതായും ഷഫീഖ് മൊഴി നൽകിയിട്ടുണ്ട്.
കൊടുവള്ളി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണക്കടത്തു സംഘങ്ങളുടെ കണ്ണികൾ ദുബായിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ സംഘത്തിന്റെയും ഉള്ളിൽ മറുസംഘത്തിന്റെ ഒറ്റുകാരുമുണ്ട്. കടത്തുകാർക്കു സംരക്ഷണം നൽകാനുള്ള ക്വട്ടേഷനാണു കൊടി സുനിയും ഷാഫിയും ഏറ്റെടുക്കുന്നത്. കൊടുവള്ളി സംഘത്തിന്റെ ഭീഷണിയുണ്ടായാൽ ഷഫീഖിനെ സംരക്ഷിക്കാൻ കൊടി സുനിയും ഷാഫിയുമുണ്ടാകുമെന്ന് അർജുൻ ഉറപ്പു നൽകിയിരുന്നു.
ജയിലിൽ വധഭീഷണിയെന്ന് മുഹമ്മദ് ഷഫീഖ്
കൊച്ചി ∙ അറസ്റ്റിലായി മഞ്ചേരി സബ്ജയിലിൽ കഴിഞ്ഞപ്പോൾ ചെർപ്പുളശേരി ഗുണ്ടാ സംഘത്തിന്റെ വധഭീഷണിയുണ്ടായതായി മുഹമ്മദ് ഷഫീഖ് സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ ബോധിപ്പിച്ചു. ജയിലിൽ വധിക്കപ്പെടുമെന്ന ഭയമുണ്ടെന്നും അവിടെ റിമാൻഡ് ചെയ്യരുതെന്നും ഷഫീഖ് അഭ്യർഥിച്ചു. ഇക്കാര്യം പരാതിയായി എഴുതിത്തരാൻ ആവശ്യപ്പെട്ട കോടതി ഷഫീഖിനെ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.
അർജുന്റെ ഭാര്യയെ ചോദ്യം ചെയ്തു
കൊച്ചി∙ കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്നലെ ആറര മണിക്കൂർ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 10.30ന് ആണു ചോദ്യംചെയ്യലിനു ഹാജരായത്. സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചുള്ള ചോദ്യത്തിനു ഭാര്യാമാതാവാണു പണം നൽകുന്നതെന്ന് അർജുൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഭാര്യയെ ചോദ്യം ചെയ്തത്.
അർജുന്റെ വഴിവിട്ട ഇടപാടുകളെക്കുറിച്ചു വ്യക്തമായ അറിവു ഭാര്യയ്ക്കില്ലെന്നാണു ലഭ്യമായ വിവരം. എന്നാൽ ടി.പി. വധക്കേസ് പ്രതികളുമായുള്ള അടുപ്പം സംബന്ധിച്ചു നിർണായക മൊഴികൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ടി.പി.വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് ഇന്നു ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്.
ഇന്നു ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകിയ യൂസഫും അർജുൻ ആയങ്കിയുമായി അടിക്കടി ഫോൺ വിളികളുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ പേരിലുള്ള ഫോൺ നമ്പറിൽ നിന്നാണു യൂസഫ് അർജുനുമായി ബന്ധപ്പെട്ടിരുന്നത്. 21നു പുലർച്ചെ കരിപ്പൂരിൽ യൂസഫും സംഘവുമുണ്ടായിരുന്നതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
English Summary: Kodi Suni and Shafi help for Arjun Ayanki in gold smuggling and robbery