വിക്ടർ ജോർജ് ഓർമയ്ക്ക് 20 വയസ്സ്
Mail This Article
കോട്ടയം ∙ വിക്ടർ ജോർജ് ഓർമയുടെ ഫ്രെയിമിലേക്കു മറഞ്ഞിട്ട് ഇന്ന് 20 വർഷം. ഇടുക്കി ജില്ലയിലെ വെണ്ണിയാനി മലയിൽ പ്രകൃതിക്ഷോഭത്തിന്റെ ചിത്രം പകർത്തുന്നതിനിടെയുണ്ടായ ഉരുൾപൊട്ടലിൽപെട്ട്, മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫറായിരുന്ന വിക്ടർ 2001 ജൂലൈ ഒൻപതിനാണു മരിച്ചത്.
ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് ചിത്രങ്ങളെടുക്കുകയായിരുന്നു വിക്ടർ. ആ സമയത്ത്, അതേ സ്ഥലത്ത് രണ്ടാമതും ഉരുൾപൊട്ടുകയായിരുന്നു. മണ്ണിനിടയിൽപെട്ടു കാണാതായ വിക്ടറിന്റെ ഭൗതികശരീരം രണ്ടാംദിവസമാണു കണ്ടെത്തിയത്.
സ്വതന്ത്രമാധ്യമപ്രവർത്തനത്തിന്റെ ചരിത്രശേഖരമായിരുന്ന വാഷിങ്ടനിലെ ‘ന്യൂസിയ’ത്തിലെ ജേണലിസ്റ്റ് മെമ്മോറിയൽ വോളിൽ വിക്ടർ ജോർജിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലിക്കിടെ മരണം കവർന്ന മാധ്യമപ്രവർത്തകർക്ക് ആദരമർപ്പിച്ചുള്ളതാണ് മെമ്മോറിയൽ വോൾ.
മഴയുടെ വിവിധ ഭാവങ്ങൾ പകർത്തുന്നതിൽ പ്രത്യേക താൽപര്യവും വൈഭവുമുണ്ടായിരുന്ന വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകം – ഇറ്റ്സ് റെയ്നിങ് – അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ചു.വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദമെടുത്ത മകൻ നീൽ വിക്ടറും ഫൊട്ടോഗ്രഫറാണ്. സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേരുന്ന വിക്ടർ ജോർജ് അനുസ്മരണം ഇന്ന് രാവിലെ 10.30 ന് കോട്ടയം പ്രസ് ക്ലബിൽ നടക്കും.