'ചോദ്യം ചെയ്താൽ വയലന്റാകും; മുറിക്കുള്ളിൽ കയറി ഒരു കുറിപ്പു പോലും എഴുതി വയ്ക്കാതെ അവൻ പോയി'
Mail This Article
തിരുവനന്തപുരം ∙ ‘‘വെള്ളമോ ഭക്ഷണമോ വേണ്ട. പുലർച്ചെ 3 വരെ കണ്ണെടുക്കാതെ മൊബൈൽ ഫോണിൽ തന്നെ നോക്കിയിരുന്നു ഫ്രീ ഫയർ വിഡിയോ ഗെയിം കളിക്കും. ചോദ്യം ചെയ്താൽ വയലന്റാകും. 2,000 രൂപയ്ക്കു മൊബൈൽ ഫോൺ റീചാർജ് ചെയ്തു കൊടുക്കണമെന്നതായിരുന്നു ഒടുവിലത്തെ ആവശ്യം. 500 രൂപയ്ക്കു ചാർജ് ചെയ്തു നൽകി. ബാക്കി പണം കൂട്ടുകാരന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു ബഹളം വച്ചു. പിന്നാലെ മുറിക്കുള്ളിൽ കയറി. ഒരു കുറിപ്പു പോലും എഴുതി വയ്ക്കാതെ അവൻ പോയി.’’
മൂത്ത മകന്റെ മരണ ശേഷം ഏറെ സ്നേഹിച്ചു വളർത്തിയ രണ്ടാമത്തെ മകന്റെ വിയോഗത്തിൽ തളർന്നവശയായ അമ്മയുടെ കണ്ണുനനയിക്കുന്ന വാക്കുകൾ ! ലഹരിമരുന്നു പോലെ കുട്ടികളെ അടിമകളാക്കുകയും മരണത്തിലേക്കു തള്ളിവിടുകയും ചെയ്യുന്ന മരണക്കളിയാണ് മേയ് 12ന് ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ അനുജിത്ത് അനിലിന്റെ ജീവനെടുത്തതെന്ന് അമ്മ അജിതകുമാരി പറയുന്നു. ആദ്യ മകൻ അഭിജിത്ത് ഹൃദ്രോഗം മൂലം 2012ൽ മരിച്ചപ്പോൾ അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായ അച്ഛനും അമ്മയുമാണ് മേനംകുളം സ്വദേശികളായ അനിൽകുമാറും അജിതയും. ഇനി ഒരു കുട്ടിയുടെ പോലും ജീവൻ ഇൗ മരണക്കളിയിൽ പൊലിയാതിരിക്കാനാണ് മകന്റെ അനുഭവം വിവരിക്കുന്നതെന്നു അജിത പറഞ്ഞു.
പത്താം ക്ലാസിൽ പബ്ജിയായിരുന്നു അവനു ഹരം. പിന്നീട് അതു നിരോധിച്ചതോടെ ഫ്രീഫയറിലേക്കു തിരിഞ്ഞു. ക്രമേണ 24 മണിക്കൂറും കളിയായി. കുളിക്കില്ല. ഭക്ഷണമോ വെള്ളമോ വേണ്ട. രാവെന്നോ പകലെന്നോ ഇല്ലാതെ കളിയിൽ മുഴുകി മുറിയടച്ചിരിക്കും. ദിവസം ഒന്നര ജിബി ഡേറ്റ പോലും കളിക്കാൻ മതിയാകാതെ വന്നു. അതിനാൽ ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ വീണ്ടും ഫോൺ റീചാർജ് ചെയ്യേണ്ട അവസ്ഥയായി. 33,000 രൂപയുടെ ഫോൺ വാങ്ങിയില്ലെങ്കിൽ വാഹനത്തിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞതിനാൽ അതും വാങ്ങി നൽകി. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
കൂട്ടുകാർ പലരും അജ്ഞാതരായിരുന്നു. കളിക്ക് അടിമയായിക്കഴിഞ്ഞ ശേഷം പെരുമാറ്റം ആകെ മാറി–അജിതകുമാരി പറഞ്ഞു. കുട്ടികൾ എന്താണു ഫോണിൽ ചെയ്യുന്നതെന്ന് മാതാപിതാക്കൾ എപ്പോഴും ശ്രദ്ധിക്കണം. കളിക്ക് അടിമകളാകുന്നതിനു മുൻപു തന്നെ അവരെ പിന്തിരിപ്പിക്കാൻ കഴിയണമെന്നും അവർ പറഞ്ഞു.
പൊലീസ് പറയുന്നു: കളി കാര്യമാകും
തിരുവനന്തപുരം ∙ ഒരു പഠന റിപ്പോർട്ട് പ്രകാരം 4നും 15നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 74 മിനിറ്റുകളോളം ഫ്രീ ഫയർ ഗെയിം കളിക്കുന്നുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ടെന്നും മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും പൊലീസ്. സൗജന്യം, കളിക്കാൻ എളുപ്പം, വേഗം, ലോ-എൻഡ് സ്മാർട് ഫോണുകളിൽ പോലും പൊരുത്തപ്പെടുന്നത്, സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നത് എന്നിവ കാരണം കുട്ടികൾ പെട്ടെന്ന് ഇൗ ഗെയിമിന് അടിമകളാകും. അപരിചിതരുമായി നേരിട്ട് കളിക്കാർക്ക് ചാറ്റുചെയ്യാൻ കഴിയുന്നു. പല കോണുകളിൽ നിന്നും ചാറ്റ് ചെയ്യുന്ന അപരിചിതർ ഒരുപക്ഷേ ലൈംഗിക ചൂഷകരോ ഡേറ്റാ മോഷ്ടാക്കളോ മറ്റു ദുരുദ്ദേശ്യം ഉള്ളവരോ ആകാം.
യഥാർഥ കഥാപാത്രങ്ങളെ പോലെ അപകടത്തിൽ മരിക്കാൻ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോൾ കുട്ടികളുടെ മനസ്സും അതിനനുസരിച്ച് വൈകാരികമായി പ്രതികരിക്കും. ഏകാഗ്രത ആവശ്യമുള്ള കളിയായതിനാൽ അമിതമായ ഉപയോഗം കാഴ്ച ശക്തിയെ സാരമായി ബാധിക്കും. മാതാപിതാക്കൾ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരന്തരം നിരീക്ഷിക്കുകയും സമയക്രമം നിയന്ത്രിക്കുകയും ചെയ്യണം. കായികവിനോദങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. മാതാപിതാക്കൾ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തുക. അവരുടെ സ്വഭാവ വ്യതിയാനങ്ങൾ മനസ്സിലാക്കണമെന്നും പൊലീസ് മുന്നറിയിപ്പു നൽകുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary: Addicted to free fire game, youth committed suicide at Thiruvananthapuram