കേരള കോൺഗ്രസ് യോഗത്തിൽ ചേരിപ്പോര്, പൊട്ടിത്തെറി
Mail This Article
തൊടുപുഴ ∙ നേതൃസ്ഥാനങ്ങളെച്ചൊല്ലി കേരള കോൺഗ്രസിൽ പൊട്ടിത്തെറി, പാർട്ടി സംഘടനാ തിരഞ്ഞെടുപ്പിലേക്ക്. പാർട്ടി ചെയർമാൻ പി.ജെ.ജോസഫിന്റെ തൊടുപുഴയിലെ വീട്ടിൽ ഇന്നലെ വൈകിട്ടു ചേർന്ന യോഗത്തിൽ പങ്കെടുത്ത നേതാക്കന്മാർ ചേരി തിരിഞ്ഞു ബഹളം വച്ചു.
മോൻസ് ജോസഫിനും ജോയ് ഏബ്രഹാമിനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നൽകിയതിനെതിരെ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർക്കുള്ള അതൃപ്തിയാണു പാർട്ടിയിൽ കലഹത്തിനു തുടക്കമിട്ടത്. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ മറുഭാഗവുമായാണു ബഹളം ഉണ്ടായത്.
പാർട്ടിയിൽ പിളർപ്പ് ഒഴിവാക്കാൻ പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു. നേതാക്കന്മാർക്കിടയിലെ അതൃപ്തി പരിഹരിക്കാൻ സംഘടനാ തെരഞ്ഞെടുപ്പാണ് ഉചിതമെന്ന് അഭിപ്രായം ഉയർന്നു. വാർഡ് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കുമെന്നു പി.ജെ.ജോസഫ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു കേരള കോൺഗ്രസിലെ ആറു മുതിർന്ന നേതാക്കൾ ഒത്തുചേർന്നാണു കേരള കോൺഗ്രസ് എന്ന ഒറ്റപ്പാർട്ടിയായി മാറിയത്.
ലയനത്തിനു ശേഷം പ്രധാനപ്പെട്ട നേതാക്കളുടെ ഒപ്പമുള്ളവർക്ക് അർഹമായ സ്ഥാനം ലഭിച്ചില്ലെന്നു പരാതി ഉയർന്നിരുന്നു. പ്രതിഷേധിച്ച് ഫ്രാൻസിസ് ജോർജ് ഡപ്യൂട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം ഫ്രാൻസിസ് ജോർജ് പരസ്യപ്രതികരണവും നടത്തി. ഈ പ്രശ്നം പരിഹരിക്കാനായി ഇന്നലെ വൈകിട്ട് ജോസഫിന്റെ വീട്ടിൽ വിളിച്ചുചേർത്ത യോഗത്തിലാണു വീണ്ടും ബഹളം ഉണ്ടായത്.
ഫ്രാൻസിസ് ജോർജ് അടക്കമുള്ള മുതിർന്ന നേതാക്കൾ തഴയപ്പെട്ടു എന്നതും എക്സിക്യുട്ടീവ് ചെയർമാൻ, ചീഫ് കോഓർഡിനേറ്റർ, ജനറൽ സെക്രട്ടറി എന്നീ പദവികൾ ചിലർക്കു വേണ്ടി മാത്രമായി പ്രത്യേകം സൃഷ്ടിക്കപ്പെട്ടതും ആണു പ്രധാന വിമർശനം.
എന്നാൽ പാർട്ടിയിൽ തർക്കങ്ങളില്ലെന്നും അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി താൽക്കാലികമാണെന്നും പാർട്ടി നിർദേശിക്കുന്ന ഏതു സ്ഥാനവും ഏറ്റെടുക്കുമെന്നും ഫ്രാൻസിസ് ജോർജ് പ്രതികരിച്ചു.
ജംബോ ലിസ്റ്റ്; പക്ഷേ, പരാതി തീരുന്നില്ല; സംസ്ഥാന കമ്മിറ്റി അംഗങ്ങൾ 1000
തൊടുപുഴ ∙ ഭാരവാഹികളുടെ എണ്ണത്തിൽ കേരള കോൺഗ്രസ് പാർട്ടികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പട്ടികയാണു പി.ജെ.ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ ഇപ്പോൾ. ചെയർമാനും എക്സിക്യൂട്ടീവ് ചെയർമാനും വർക്കിങ് ചെയർമാനും ഉള്ള ഏക കേരള കോൺഗ്രസാണിത്.
പി.ജെ.ജോസഫ് ചെയർമാൻ, പി.സി.തോമസ് വർക്കിങ് ചെയർമാൻ, മോൻസ് ജോസഫാണ് എക്സിക്യൂട്ടീവ് ചെയർമാൻ. ഇവരെക്കൂടാതെ 3 ഡപ്യൂട്ടി ചെയർമാൻമാരും 14 വൈസ് ചെയർമാൻമാരുമുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ എണ്ണം 55. ഹൈ പവർ കമ്മിറ്റിയിൽ 71 അംഗങ്ങളുണ്ട്. ആയിരത്തിലധികം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പാർട്ടിയിലുണ്ട്. യഥാർഥ എണ്ണം ആർക്കും നിശ്ചയമില്ലെന്നു വിമർശകർ പറയുന്നു. ഇതു കൂടാതെ പാർട്ടിയുടെ പോഷക സംഘടനകളിലും ഭാരവാഹികളുണ്ട്.
പാർട്ടിയിൽ നേതാക്കളുടെ എണ്ണം കൂടുതലാണെന്നു ചെയർമാൻ പി.ജെ.ജോസഫ് സമ്മതിക്കുന്നുമുണ്ട്. സംസ്ഥാന കമ്മിറ്റി 400 പേരിലേക്കു ചുരുക്കാനുള്ള ശ്രമം നടക്കുകയാണ്. ഇത്തവണ കൂടിയേ ജംബോ കമ്മിറ്റി ഉണ്ടാകുകയുള്ളൂ എന്നും അടുത്ത വർഷം അംഗത്വം വിതരണം ചെയ്തു തിരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തുമെന്നും പറയുന്നു.
English Summary: Kerala Congress meeting