ഉപദേശിക്കുന്നത് സ്നേഹത്തിന്റെ മാർഗം: ബാവായുടെ അന്ത്യകൽപന
Mail This Article
കോട്ടയം ∙ കലഹത്തിന്റെ മാർഗമല്ല, സ്നേഹത്തിന്റെ മാർഗമാണ് ഉപദേശിക്കുന്നതെന്നും അതു നിലപാടുകളിൽ വീഴ്ചവരുത്തിക്കൊണ്ടാകരുത് എന്നു മാത്രമേ നിഷ്കർഷിച്ചിട്ടുള്ളൂവെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അന്ത്യകൽപന. ഓരോരുത്തരും ദൈവത്തിന്റെ മുന്നിൽ കണക്ക് ബോധിപ്പിക്കപ്പെടേണ്ടവരാണ്. വിശ്വാസം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണം.
മലങ്കര സഭാ ചരിത്രത്തിൽ നിർണായകമായ കാലത്തിലൂടെയാണു കടന്നുപോകുന്നത്. വ്യവഹാരരഹിതമായ സഭ എന്നതിലേക്കുള്ള സമ്മാനമാണു 2017ലെ സുപ്രീം കോടതി വിധി. നിയമപരമായ ഈ അടിത്തറയിൽ നിന്നല്ലാതെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന താൽക്കാലിക നീതിയോടാണ് എതിർപ്പ് പ്രകടിപ്പിച്ചത്. വരും തലമുറകളുടെ കാലത്ത് ഇനിയൊരു വ്യവഹാരം ഉണ്ടാകരുത്. നമ്മുടെ വിശ്വാസികളെ വഞ്ചിച്ചെന്നു പറയാൻ ഇടവരരുത്. സത്യം ജയിക്കുമെന്നു മുൻഗാമികളെപ്പോലെ ഉറച്ചു വിശ്വസിക്കുന്നു. സമുദായ നന്മയെപ്രതിയാണ് ഇതുവരെ നിലകൊണ്ടതെന്നും കൽപനയിൽ പറയുന്നു.
ഓരോ പരീക്ഷണവും ആത്മശുദ്ധീകരണത്തിനുള്ള മാർഗമായി മാത്രമാണു കാണുന്നത്. പ്രസിദ്ധിക്കു വേണ്ടി ദാനം ചെയ്യുകയല്ല, ദൈവത്തിനു ഹിതകരമായ കാരുണ്യം ചെയ്യുകയാണു വേണ്ടതെന്നു വിശ്വാസികളോട് ആഹ്വാനം ചെയ്തു. എല്ലാവരുടെയും പിന്തുണ തനിക്കു ലഭിച്ചിട്ടുണ്ടെന്നും കൽപനയിൽ പറയുന്നു. കുര്യാക്കോസ് മാർ ക്ലിമ്മീസാണു കൽപന വായിച്ചത്.
English Summary: Baselios Marthoma Paulose II catholicos last kalpana