ADVERTISEMENT

ഓരോ യാമത്തിലെയും പ്രാർഥനകൾ മുറതെറ്റാതെ അർപ്പിച്ച് ആത്മീയ ഉൾക്കരുത്തിനെ പോഷിപ്പിക്കുന്നതായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ജീവിതം. കൊച്ചുകുട്ടികളായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും അടുപ്പക്കാർ. അവരിൽ ചിലരുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ മുറിയിൽവച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കളാണെന്ന് ആ ചിത്രങ്ങൾ നോക്കി തിരുമേനി പറയും. കുഞ്ഞുങ്ങൾ വിശുദ്ധരാണെന്നും അവരെ പരിചരിക്കുമ്പോൾ അനുഗ്രഹത്തിന്റെ ഒരു പങ്കു നമുക്കും ലഭിക്കുമെന്നും തിരുമേനി എപ്പോഴും പഠിപ്പിക്കുമായിരുന്നു.

പ്രസിദ്ധിക്കു വേണ്ടി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ബിസിനസ് എന്നാണു തിരുമേനി വിളിച്ചിരുന്നത്. കുടുംബസ്വത്തായി കുന്നംകുളത്തു ലഭിച്ച മൂന്നേക്കർ ഭൂമി അദ്ദേഹം സാധുക്കൾക്കായി നൽകി. ഒരു രൂപ വാടക നിശ്ചയിച്ചാണു ഭൂമി നൽകിയത്. സ്വത്തുക്കൾ അർഹരിൽതന്നെ നിലനിർത്തുന്നതിനും അന്യായക്കാരുടെ കൈകളിലേക്കു പോകാതിരിക്കുന്നതിനുമായിരുന്നു ഈ ജാഗ്രത.

പുലർച്ചെ നാലിനും നാലരയ്ക്കും ഇടയിൽ ഉണരും. രാത്രി പത്തോടെ കിടക്കും. ഇതിനിടെ വിശ്രമമില്ലാതെ പ്രവർത്തിക്കും. അതായിരുന്നു അവസാന നിമിഷം വരെയും ജീവിതക്രമം. ദേവലോകം അരമനയിൽ പക്ഷികളെയും പശുക്കളെയുമൊക്കെ അദ്ദേഹം ഓമനിച്ചു വളർത്തുന്നുണ്ട്. അവയെ കാണുമ്പോൾ എല്ലാം മറന്നു ചിരിക്കും. അരമനയുടെ കോംപൗണ്ടിൽ കാലത്തുള്ള നടത്തമാണു വ്യായാമം. ചിലപ്പോൾ പുറത്തേക്ക് ഇറങ്ങി കൊല്ലാട് പാലം വരെ നടക്കും.

തിരുമേനിയുടെ ഏക സഹോദരൻ ഒരു വർഷം മുൻപാണു മരിച്ചത്. അദ്ദേഹത്തിനു 4 പെൺമക്കളാണ്. അവരെ വിവാഹം ചെയ്തിരിക്കുന്നത് ഓർത്തഡോക്സ് സഭയിലെ വൈദികർതന്നെയാണ്. സഹോദരൻ മരിച്ചതിന്റെ 40–ാം ദിനത്തിൽ ബാവായ്ക്കൊപ്പം സഹോദരന്റെ മരുമക്കളായ 4 വൈദികരും ചേർന്ന് അഞ്ചിന്മേൽ കുർബാനയാണു നടത്തിയത്. അങ്ങനെയൊന്നു സഭയിൽ അത്യപൂർവമായിരുന്നു.

എനിക്കു പുറമേ ഫാ. പോൾ പി.തോമസ്, ഫാ. അലക്സ് ജോൺ, ശെമ്മാശന്മാരായ പ്രെയ്സൺ ടി.ജോൺ, ജെറി വർഗീസ്, മെൽവിൻ മാത്യു, ഫാ. കെ.പി.ഷിജു, സജി ജോസഫ് എന്നിവരും ഡ്രൈവർ സി.എം.ബേബിയുമായിരുന്നു ബാവായുടെ സന്തതസഹചാരികൾ.

(11 വർഷമായി ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫാ. തോമസ് പി.സക്കറിയ)

English Summary: Catholicos Baselios Marthoma Paulose loves Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com