പാത്രിയർക്കീസ് ബാവാ അനുശോചിച്ചു
Mail This Article
കൊച്ചി ∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ദേഹവിയോഗത്തിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ അനുശോചിച്ചു. ഓർത്തഡോക്സ് സഭ എക്യുമെനിക്കൽ വിഭാഗം പ്രസിഡന്റ് സഖറിയാ മാർ നിക്കോളാവോസ് പരിശുദ്ധ കാതോലിക്കാ ബാവായുടെ ദേഹവിയോഗം അറിയിച്ചുകൊണ്ട് അയച്ച കത്തിനുള്ള മറുപടിയിലാണ് ബാവാ അനുശോചനം അറിയിച്ചത്.
‘‘മലങ്കര സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരെയും വിശ്വാസികളെയും എന്റെ അനുശോചനം അറിയിക്കുന്നു. കാരുണ്യവാനായ ദൈവം അദ്ദേഹത്തിന് സമാധാനവും കരുണയും നൽകട്ടെയെന്നു പ്രാർഥിക്കുന്നു.’’– അനുശോചന സന്ദേശത്തിൽ പാത്രിയർക്കീസ് ബാവാ പറഞ്ഞു.
റഷ്യൻ പാത്രിയർക്കീസ് കിറിൽ, കോപ്റ്റിക് സഭയുടെ പോപ്പ് തെവദ്രോസ് രണ്ടാമൻ, ഇത്യോപ്യൻ പാത്രിയർക്കീസ് ആബൂനാ മത്ഥിയാസ്, അർമീനിയൻ സുപ്രീം കാതോലിക്കാ കരൈക്കൻ രണ്ടാമൻ, സിലീസിയായിലെ അർമേനിയൻ കാതോലിക്കാ ആരാം ഒന്നാമൻ തുടങ്ങിയ സഭാതലവന്മാരും വത്തിക്കാനിലെ ക്രൈസ്തവ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ കുർട്ട് കോക്ക്, പ്രൊഓറിയന്റെ ഫൗണ്ടേഷൻ ചെയർമാൻ കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോൺ തുടങ്ങിയവരും അനുശോചിച്ചു.
ഇന്ത്യ, ബംഗ്ലദേശ്, കാനഡ എന്നിവിടങ്ങളിലെ നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് അനുശോചനം അറിയിച്ചു. ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ തിങ്കളാഴ്ച പ്രത്യേക പ്രാർഥന നടത്തി. ഇത്യോപ്യൻ നാഷനൽ ടിവി വലിയ പ്രാധാന്യം നൽകി.
യാത്രാമൊഴിയേകി മാർത്തോമ്മാ സഭ
പരുമല ∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് മാർത്തോമ്മാ സഭയുടെ യാത്രാമൊഴി. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലാണ് അന്ത്യാഞ്ജലി അർപ്പിച്ച് പ്രാർഥന നടത്തിയത്. ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമോത്തിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവരും മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
English Summary: Patriarch mourns Baselios Marthoma Paulose II Catholicos demise