ബാവായുടെ വിയോഗത്തിൽ അനുശോചന പ്രവാഹം
Mail This Article
ന്യൂഡൽഹി / തിരുവനന്തപുരം ∙ മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ വിയോഗത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.
∙ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കരുതലും ആർദ്രതയും നിറഞ്ഞ മഹത്തായ സേവനങ്ങളുടെ പേരിൽ ബാവാ എന്നും ഓർമിക്കപ്പെടും. സഭയുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
∙മുഖ്യമന്ത്രി പിണറായി വിജയൻ
ദീർഘകാലം സമൂഹത്തിൽ ഉണ്ടാവേണ്ടിയിരുന്ന ആളാണ് അകാലത്തിൽ കൊഴിഞ്ഞുപോയത്. സമൂഹത്തിൽ അതിദാരിദ്ര്യത്തിൽ കഴിയുന്നവരുടെ പ്രശ്നങ്ങളാണ് അദ്ദേഹത്തെ അലട്ടിയത്. സർക്കാരിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ആശയവിനിമയം നടത്തിയപ്പോൾ പാവപ്പെട്ടവർക്കു വേണ്ടി ചെയ്യേണ്ട കാര്യങ്ങളാണു നിർദേശിച്ചത്.
∙രാഹുൽ ഗാന്ധി: നിരാലംബർക്കായി പരിശുദ്ധ ബാവാ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നും ഓർമിക്കപ്പെടും.
∙മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
സഹജീവി സ്‌നേഹത്തിൽ അധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷയായിരുന്നു ബാവായുടേത്. ‘സ്‌നേഹസ്പർശം’ പദ്ധതിയിലൂടെ ഒട്ടേറെപ്പേർക്കു സൗജന്യ ചികിത്സ ലഭ്യമാക്കി. ഇച്ഛാശക്തിയിലൂടെ 100 കോടിയുടെ പരുമല കാൻസർ സെന്ററും യാഥാർഥ്യമാക്കി.
∙കർദിനാൾ മാർ ജോർജ് ആലഞ്ചേരി
സഭാസ്നേഹത്തിന്റെ നിദർശനമായിരുന്നു ആ ജീവിതം. മതസൗഹാർദവും ഐക്യവും സംരക്ഷിക്കാൻ അദ്ദേഹം എന്നും ശ്രമിച്ചു.
∙കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ
ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓർത്തഡോക്സ് സഭയിൽ വ്യാപിപ്പിക്കുന്നതിനും പരുമലയിലെ കാൻസർ സെന്റർ വളർത്തുന്നതിനും ബാവാ നൽകിയ വിലപ്പെട്ട സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടും.
∙ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത
പരിശുദ്ധ ബാവായുടെ വിയോഗം ക്രൈസ്തവ സമൂഹത്തിന് ആകമാനം വലിയ നഷ്ടമാണ്. ലാളിത്യവും വിനയവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിമുദ്ര. ആതുരസേവനരംഗത്തും സഭൈക്യ പ്രസ്ഥാനത്തിനും വലിയ മാതൃകയായിരുന്നു.
∙ ബിഷപ് ഡോ. ജോസഫ് കരിയിൽ
ആത്മീയതയുടെ അത്യുന്നതമായ സ്നേഹഭാവവും നൈർമല്യവും പ്രകടമാക്കിയ വ്യക്തിത്വം. സഭയുടെ ഉന്നത പാരമ്പര്യവും വിശ്വാസികളുടെ ആത്മീയ ഉണർവും പരിപോഷിപ്പിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
English Summary: Tribute to Catholicos Baselios Marthoma Paulose