ഷൂട്ടിങ്ങിന് ബയോ ബബിൾ ; മാർഗരേഖ പണിപ്പുരയിൽ
Mail This Article
കൊച്ചി ∙ ചിത്രീകരണം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും ഷൂട്ടിങ് ലൊക്കേഷനുകളിൽ ‘ബയോ സെക്യൂർ ബബിൾ’ ക്രമീകരണം ഏർപ്പെടുത്തിയ ശേഷം മാത്രം തുടങ്ങിയാൽ മതിയെന്ന തീരുമാനത്തിൽ ചലച്ചിത്ര ലോകം.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു ചിത്രീകരണം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണു ബയോ സെക്യൂർ ബബിൾ മാതൃക സ്വീകരിക്കുന്നത്. കായിക മത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നത് ഇതേ രീതിയിലാണ്. ഒരു ഡോസ് കോവിഡ് വാക്സീനെങ്കിലും എടുക്കുകയും ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആകുകയും ചെയ്യുന്നവരെ മാത്രമേ ഷൂട്ടിങ് സംഘത്തിൽ ഉൾപ്പെടുത്തുകയുള്ളൂ. ചിത്രീകരണ സ്ഥലം പൂർണമായും ബയോ സെക്യൂർ ബബിൾ ആക്കി മാറ്റുകയാണു ലക്ഷ്യം. അവിടേക്കു പുറത്തു നിന്ന് ആർക്കും പ്രവേശനം നൽകില്ല.
ബ്രോ ഡാഡി തിരിച്ചെത്തും
കേരളത്തിൽ ചിത്രീകരണ അനുമതി ലഭിക്കാത്തതിനാൽ ഹൈദരാബാദിൽ ഷൂട്ടിങ് ആരംഭിച്ച ‘ബ്രോ ഡാഡി’ രണ്ടാഴ്ചത്തെ ഷെഡ്യൂളിനു ശേഷം ചിത്രീകരണം കേരളത്തിലേക്കു മാറ്റും. മോഹൻലാൽ നായകനായ ചിത്രം പൃഥ്വിരാജാണു സംവിധാനം ചെയ്യുന്നത്. ലോക്ഡൗണിൽ മുടങ്ങിപ്പോയ ഇരുപതോളം ചിത്രങ്ങളാകും ആദ്യം ചിത്രീകരണം തുടങ്ങുക; പുതിയവ ഈ മാസത്തിനു ശേഷവും.
പീരുമേട്ടിലെ ഷൂട്ടിങ് തടഞ്ഞു
കേരളത്തിൽ ചിത്രീകരണം പുനരാരംഭിക്കുന്നതിനു മുന്നോടിയായി പ്രവർത്തന മാർഗ രേഖ തയാറാക്കാൻ ചലച്ചിത്ര സംഘടനകൾ കൂട്ടായി തീരുമാനിച്ചു. ഫിലിം ചേംബർ പ്രസിഡന്റ് ജി.സുരേഷ് കുമാർ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്, ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ നടത്തിയ ചർച്ചയിലാണു മാർഗരേഖ തയാറാക്കാൻ തീരുമാനിച്ചത്.ഇന്നലെ പീരുമേട്ടിൽ ഒരു സിനിമയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും നിർത്തിവയ്ക്കാൻ സംഘടനകൾ നിർദേശിച്ചു. ഇന്നു രാത്രിയോടെ മാർഗരേഖ തയാറാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. അതനുസരിച്ചു ഷൂട്ടിങ്ങിനു തയാറാകുന്ന നിർമാതാക്കൾക്കു മാത്രമേ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചിത്രീകരണ അനുമതി നൽകൂ. അസോസിയേഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു ഫെഫ്ക ചിത്രീകരണവുമായി സഹകരിക്കും.
English Summary: Guidelines for film shooting