അർജുൻ ആയങ്കിക്കെതിരെ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 3 പേരുടെ മൊഴി
Mail This Article
കൊച്ചി∙ കരിപ്പൂർ സ്വർണക്കടത്തു ക്വട്ടേഷൻ കേസിൽ ചോദ്യം ചെയ്ത 3 പേർ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ മൊഴി നൽകി. അർജുന്റെ അടുത്ത സുഹൃത്തും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരി, ടി.പി.വധക്കേസ് പ്രതി മുഹമ്മദ് ഷാഫി, അർജുന്റെ ഭാര്യ അമല എന്നിവരുടെ മൊഴികളാണു സ്വർണക്കടത്തിൽ അർജുൻ ആയങ്കിയുടെ പങ്കാളിത്തം ഉറപ്പിക്കുന്നത്. കേസിൽ കൂട്ടുപ്രതികളാകാൻ സാധ്യതയുള്ളവരാണ് ഇവർ.
പാർട്ടിപ്രവർത്തകനെന്ന ബന്ധമാണ് അർജുനുമായുള്ളതെന്നാണ് ആകാശിന്റെയും ഷാഫിയുടെയും മൊഴി. സ്വർണക്കടത്ത്, ക്വട്ടേഷൻ ഇടപാടുകളിൽ അർജുന്റെ പങ്കാളിത്തം അറിഞ്ഞത് ഇപ്പോൾ മാത്രമാണെന്നും ആകാശ് തില്ലങ്കേരി മൊഴി നൽകി. കുറ്റകൃത്യത്തിൽ ഷാഫിയുടെ പങ്കാളിത്തം സംബന്ധിച്ച് അർജുനും കൂട്ടുപ്രതി മുഹമ്മദ് ഷഫീഖും അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യലിൽ ഷാഫി ഇക്കാര്യം നിഷേധിച്ചു.
അർജുന്റെ ക്രിമിനൽ ബന്ധങ്ങളെ പറ്റി അടുത്ത സുഹൃത്തും ബന്ധുവും മുന്നറിയിപ്പു നൽകിയതായുള്ള ഭാര്യ അമലയുടെ മൊഴികൾ കേസിൽ നിർണായകമാണ്. വടക്കൻ കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിനു കൊലക്കേസ് പ്രതികൾ അടങ്ങുന്ന റാക്കറ്റ് സജീവമാണെന്ന മൊഴികളാണ് അറസ്റ്റിലായ മൂന്നാം പ്രതി തലശ്ശേരി സ്വദേശി വി.കെ. അജ്മൽ നൽകിയത്. അർജുന്റെ ജാമ്യാപേക്ഷയെ എതിർത്ത കസ്റ്റംസ് അജ്മലിന്റെ ജാമ്യാപേക്ഷ എതിർത്തിട്ടില്ല. ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോടു സഹകരിച്ച അജ്മൽ വിലപ്പെട്ട വിവരങ്ങളും കൈമാറി.
English Summary: Akash Thillankeri Against Arjun Ayanki