സാമ്പത്തിക ശാസ്ത്രത്തിൽ മാർക്സ് അവസാന വാക്കല്ല: മന്ത്രി ഗോവിന്ദൻ
Mail This Article
കാസർകോട് ∙ മാർക്സ് അർഥശാസ്ത്രത്തിന്റെ അവസാന വാക്കല്ലെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. സമ്പത്ത് വ്യക്തിയിൽ കേന്ദ്രീകരിക്കുക വഴി സമൂഹത്തിലുണ്ടായ പ്രതിസന്ധിക്കു സാമ്പത്തിക ശാസ്ത്രത്തിൽ പരിഹാരം കണ്ടെത്തുകയായിരുന്നു മാർക്സ് ചെയ്തത്. ഒട്ടേറെ തലങ്ങളെ വിശകലനം ചെയ്യാൻ അതുവഴി സാധിച്ചു. എന്നാൽ ഇന്ന് ഉൽപാദന ബന്ധങ്ങൾ മാർക്സിന്റെ കാലത്തേക്കാൾ വളർന്നു കഴിഞ്ഞു. അതുകൊണ്ട് കാൾ മാർക്സ് അവസാന വാക്കാണെന്ന് പറയുന്നത് തെറ്റിദ്ധാരണയാണെന്നു മന്ത്രി പറഞ്ഞു.
18 ലക്ഷം ശമ്പളം വാങ്ങുന്നവർ ചൂഷണത്തെ കുറിച്ചു സംസാരിക്കുന്നതെന്തിനെന്നു ചിലർ ചോദിക്കുന്നു. അത്രയും ശമ്പളം വാങ്ങുന്നയാൾ ഉൽപാദിപ്പിക്കുന്നതിന്റെ മൂല്യവും അതിനനുസരിച്ചു വളർന്നിട്ടുണ്ടെന്നു മന്ത്രി വിശദീകരിച്ചു. പട്ടിണിയെ അടിസ്ഥാനമാക്കി മാത്രം മിച്ചമൂല്യ സിദ്ധാന്തത്തെ വിശകലനം ചെയ്യരുത്. വളർന്നു വരുന്ന മേഖലയെ കൂടി ഉൾപ്പെടുത്തി വിശകലനം ചെയ്യുമ്പോഴാണ് മാർക്സിസം പ്രസക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവകലാശാല മുൻ റജിസ്ട്രാർ ഡോ.എ അശോകന്റെ ‘ഹെറ്ററഡോക്സ് ഇക്കണോമിക്സ്’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ‘വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമല്ല’ എന്ന രീതിയിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ എം.വി. ഗോവിന്ദൻ കഴിഞ്ഞ വർഷം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. അത് ഈ പ്രത്യയശാസ്ത്രത്തിന്റെ പ്രശ്നമല്ലെന്നും ഇന്ത്യൻ സമൂഹം അതിനു പാകപ്പെടാത്തതു കൊണ്ടാണെന്നും ഗോവിന്ദൻ അന്നു വിശദീകരിച്ചെങ്കിലും പാർട്ടിക്കുള്ളിൽ വിമർശനത്തിനു കാരണമായി.
English Summary: Karl Marx not the last word of economics says minister M.V. Govindan