ADVERTISEMENT

തിരുവനന്തപുരം∙ തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ നാടു നീങ്ങിയിട്ട് ഇന്ന് 30 ആണ്ട്. ചരിത്രം തിരുത്തിയ ഭരണ പരിഷ്കാരങ്ങളും വികസന പദ്ധതികളുമായി രണ്ടു പതിറ്റാണ്ടോളം ജനകീയനായി വാണ മഹാരാജാവ് അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിതമായ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലാണ് 1991 ജൂലൈ 20ന് അന്ത്യശ്വാസം വലിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ 78–ാം വയസ്സിലായിരുന്നു അന്ത്യം.

രാജഭരണത്തിൽ നിന്ന് ജനാധിപത്യ വാഴ്ചയിലേക്കുളള വഴിമാറ്റമടക്കം കേരള ചരിത്രത്തിന്റെ പരിവർത്തന കാലഘട്ടത്തിന്റെ സ്രഷ്ടാവും വിധേയനുമായിരുന്നു ശ്രീ ചിത്തിര തിരുനാൾ. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പിൻഗാമിയായി 12–ാം വയസ്സിലാണ് രാജഭാരം അദ്ദേഹത്തെ തേടിയെത്തുന്നത്. പ്രായക്കുറവ് കാരണം രാജപ്രതിനിധി(റീജന്റ്) ആയി ഏഴ് വർഷത്തോളം ഭരണം നിർവഹിച്ചത് അമ്മയുടെ സഹോദരിയായ സേതുലക്ഷ്മി ബായി ആയിരുന്നു. പ്രായപൂർത്തിയായ ശേഷം 1931ൽ ആണ് ഭരണാധികാരം ചിത്തിര തിരുനാളിലേക്ക് എത്തുന്നത്.

തിരുവിതാംകൂറിൽ സാമൂഹിക–വികസന വിപ്ലവം സൃഷ്ടിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ഹിന്ദുക്കളായ എല്ലാവർക്കും ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുള്ള ക്ഷേത്ര പ്രവേശന വിളംബരം രാജ്യമാകെ ശ്രദ്ധ നേടി. അതിന്റെ പ്രഖ്യാപനത്തിനായി ഗാന്ധിജി തന്നെ തലസ്ഥാനത്തെത്തി. 1944ൽ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ ആദ്യമായി പ്രായപൂർത്തി വോട്ടവകാശം പ്രഖ്യാപിച്ചും ശ്രദ്ധേയനായി.

രാജ്യത്തെ ആദ്യത്തെ വളം നിർമാണശാലയായ ഫാക്ട് ആലുവയിൽ സ്ഥാപിച്ചാണ് അദ്ദേഹം കേരളത്തിലെ വ്യവസായ വിപ്ലവത്തിനു തുടക്കം കുറിച്ചത്. ആദ്യ ഫൈബർ പ്ലാന്റായ ട്രാവൻകൂർ റയോൺസ്, രാജ്യത്തെ ആദ്യത്തെ അലുമിനിയം കേബിൾ പ്ലാന്റായ കുണ്ടറ അലിൻഡ്, ആദ്യ ടൈറ്റാനിയം ഡയോക്സൈഡ് പ്ലാന്റായ ട്രാവൻകൂർ ടൈറ്റാനിയം, കോട്ടയത്തെ ട്രാവൻകൂർ സിമന്റ്സ് തുടങ്ങിയവയും സ്ഥാപിച്ചു. പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്കും തുടക്കം കുറിച്ചത് അദ്ദേഹമാണ്. 

തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മിഷൻ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ്, തിരുവിതാംകൂർ സർവകലാശാല (ഇപ്പോഴത്തെ കേരള സർവകലാശാല), തിരുവനന്തപുരം വിമാനത്താവളം, തിരുവനന്തപുരം റേഡിയോ നിലയം, സ്വാതി തിരുനാൾ സംഗീത കോളജ്, ആർട്ട് ഗാലറി തുടങ്ങിയവയും ആ ഭരണകാല സംഭാവനകളാണ്. 1949ൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതോടെ രാജപദവി ഒഴിഞ്ഞ അദ്ദേഹം രാജപ്രമുഖനായി ഇന്ത്യ റിപ്പബ്ലിക് ആകും വരെ തുടർന്നു.

Content Highlight: Chithira Thirunal Balarama Varma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com