ADVERTISEMENT

കൊച്ചി∙ രാജ്യദ്രോഹക്കേസിൽ അന്വേഷണ ഭാഗമായി പിടിച്ചെടുത്ത മൊബൈൽ ഫോണിലും ലാപ്ടോപ്പിലും അന്വേഷണ ഉദ്യോഗസ്ഥർ വ്യാജതെളിവുകൾ തിരുകിക്കയറ്റുമോ എന്നു ഭയമുണ്ടെന്ന് ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന ഹൈക്കോടതിയിൽ ആരോപിച്ചു. കോവിഡ് വ്യാപനത്തെ സൂചിപ്പിച്ച് ‘ബയോ വെപ്പൺ’ എന്ന ഇംഗ്ലിഷ് പദം പൊടുന്നനെ ഉപയോഗിച്ചതിനു പിന്നിൽ ഗൂഢാലോചന ആരോപിക്കുന്നതു ശരിയല്ല. തന്റെ ഫോണും സഹോദരന്റെ ലാപ്ടോപ്പും പിടിച്ചെടുത്തത് ഇക്കഴിഞ്ഞ 15 വരെ കോടതിയിൽ ഹാജരാക്കിയിട്ടില്ല. ഇതു നടപടിക്രമങ്ങളുടെ ലംഘനമാണ്. അവ പരിശോധനയ്ക്കു ഹൈദരാബാദിലോ ചെന്നൈയിലോ കേരളത്തിലോ ഉള്ള ലാബുകളിൽ അയയ്ക്കാതെ ഗുജറാത്തിലെ ലാബിൽ അയച്ചതു സംശയകരമാണെന്നും ആരോപിച്ചു.

കേന്ദ്ര സർക്കാർ ലക്ഷദ്വീപുകാർക്കു നേരെ ജൈവായുധം പ്രയോഗിച്ചതായി 2021 ജൂൺ 7ലെ ചാനൽ ചർച്ചയിൽ പറഞ്ഞതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന ഹർജിയിൽ പൊലീസ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ചു കൊണ്ടാണു ആയിഷയുടെ മറുപടി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊബൈലിൽ നിന്നു മെസേജുകളും ചാറ്റുകളും ഡ‌ിലീറ്റ് ചെയ്തുവെന്നും പറയുന്നതു ശരിയല്ല. ചർച്ചയിൽ പങ്കെടുക്കുമ്പോൾ മൊബൈൽ ഫോൺ ഓഫ് ആയിരുന്നതിനാൽ അതിൽ നോക്കി വായിച്ചുവെന്നു പറയുന്നതും തെറ്റാണ്.

ഫോൺ, ലാപ്ടോപ്, സാമ്പത്തിക ഇടപാടുകൾ എന്നെല്ലാം പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കി തന്നെ സംശയനിഴലിൽ നിർത്താനാണു ശ്രമം. സമൂഹത്തിനും രാജ്യത്തിനും വിരുദ്ധമായ ക്രിമിനൽ നടപടികളൊന്നും താൻ ചെയ്തിട്ടില്ല. മരിച്ചു പോയ പിതാവിന്റെ പെൻഷനും തന്റെ വരുമാനവുമാണു കുടുംബത്തിന് ആശ്രയം. അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകളെല്ലാം നൽകി. ചെല്ലാനത്ത് ദുരിതം അനുഭവിച്ചവർക്കു സഹായം എത്തിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിദേശത്തുള്ള സുഹൃത്തുക്കളുടെ സഹായം ഉണ്ടായിരുന്നു. മനുഷ്യത്വപരമായ പ്രവർത്തനങ്ങളാണു ചെയ്തതെന്നും ഹർജിക്കാരി അറിയിച്ചു.

English Summary: Aisha Sultana against Lakshadweep Administration in High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com