സ്വർണക്കടത്ത് പണം രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങൾക്കും: സുമിത് കുമാർ
Mail This Article
കൊച്ചി ∙ കേരളത്തിലേക്കു കള്ളക്കടത്തിലൂടെ എത്തിക്കുന്ന സ്വർണത്തിൽ നിന്നുള്ള വരുമാനം സംസ്ഥാനത്തു രാഷ്ട്രവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നു സ്ഥലംമാറിപ്പോകുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ പറഞ്ഞു. കസ്റ്റംസിന്റെ പക്കൽ ഇതുസംബന്ധിച്ചു വ്യക്തമായ രേഖകൾ ഉണ്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. താൻ കേരളത്തിൽ ജോലി ചെയ്ത കാലയളവിൽ വൻതോതിൽ കള്ളക്കടത്തു സ്വർണം പിടിച്ചതായും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലും കേരളത്തിലുമായി വൻതോതിൽ സ്വർണവേട്ടയുണ്ടായി. ഈ വർഷം പിടികൂടിയ കള്ളക്കടത്തു സ്വർണത്തിന്റെ തോത് ഒരു ടണ്ണിനോട് അടുക്കുകയാണ്.
ഡോളർ കടത്തുകേസിൽ ചില നടപടിക്രമങ്ങളുടെ ഭാഗമായി കെ.ടി. ജലീലിനു കാരണം കാണിക്കൽ നോട്ടിസുകൾ നൽകിയിരുന്നു. ആ നടപടികൾ വേഗം തന്നെ പൂർത്തീകരിച്ചു. ഇനി കൃത്യമായ തെളിവുകളുള്ള കേസുകളുണ്ട്. അതിന്മേൽ നടപടിയെടുക്കാൻ ഒരു മടിയുമില്ല.
അതു നിയമപ്രകാരം നടക്കും. ഡോളർ കടത്തു കേസിൽ കൂടുതൽ കാരണം കാണിക്കൽ നോട്ടിസുകൾ തയാറായിട്ടുണ്ട്. ഇവ ഉടൻതന്നെ ബന്ധപ്പെട്ടവർക്ക് എത്തിക്കും. വിദേശത്തേക്കു കടന്ന വിദേശികളായ കുറ്റവാളികളുടെ കാര്യത്തിൽ എന്തുചെയ്യാനാകുമെന്ന കാര്യം കേന്ദ്ര സർക്കാരുമായി ആലോചിക്കുന്നുണ്ട്.
വലിയതോതിലുള്ള അടിസ്ഥാന സൗകര്യവികസനം കസ്റ്റംസിനായി തന്റെ കാലയളവിൽ ചെയ്യാനായെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂർ തുറമുഖവികസനം പൂർത്തിയായാൽ അത് ഏഷ്യയിലെതന്നെ വലിയ തുറമുഖമായി വികസിക്കും. കൊളംബോ അടക്കമുള്ള തുറമുഖങ്ങളെക്കാൾ വലിയ പ്രാധാന്യം ഇതിനു കൈവരുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Sumit Kumar revelations on gold smuggling investigation