അമ്പലപ്പുഴയിലെ വീഴ്ച: സിപിഎം കമ്മിഷന്റെ തെളിവെടുപ്പ് പൂർത്തിയായി
Mail This Article
ആലപ്പുഴ ∙ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പു വീഴ്ച അന്വേഷിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി നിയോഗിച്ച കമ്മിഷന്റെ തെളിവെടുപ്പ് അവസാനിച്ചു. മുൻ മന്ത്രി ജി.സുധാകരനും അദ്ദേഹത്തിന്റെ ഓഫിസിനുമെതിരെ എച്ച്.സലാം എംഎൽഎ ഉന്നയിച്ച ആരോപണങ്ങളും സംസ്ഥാന കമ്മിറ്റിക്കു നേരിട്ടു ലഭിച്ച പരാതികളും ഉൾപ്പെടെ പഠിച്ചു റിപ്പോർട്ട് നൽകാനാണ് കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസ് എന്നിവരുൾപ്പെട്ട സമിതി ജൂലൈ 25, 26 തീയതികളിലും ഇന്നലെയും ജില്ലയിൽ സിറ്റിങ് നടത്തിയത്.
ഇന്നലെ അമ്പലപ്പുഴ മണ്ഡലത്തിലുൾപ്പെട്ട ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയിലെ 19 അംഗങ്ങളുൾപ്പെടെ 22 പേരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. പരാതികളുടെ അടിസ്ഥാനത്തിൽ സമിതി തയാറാക്കിയ ചോദ്യാവലിക്കുള്ള മറുപടികളാണു തേടിയത്.
ഇന്നലെ ഹാജരായവരിൽ ആറു പേർ ജി.സുധാകരനു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കമ്മിഷനെ ധരിപ്പിച്ചതായാണു സൂചന. ഇരു വിഭാഗങ്ങൾക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഒരാൾ അറിയിച്ചു. മറ്റുള്ളവർ എച്ച്.സലാമിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന വിധമാണ് വിവരങ്ങൾ നൽകിയതെന്ന് അറിയുന്നു.
സിറ്റിങ്ങിൽ അറുപതിലധികം പേരുമായി നേരിട്ടു സംസാരിച്ച കമ്മിഷൻ ഉടൻ സംസ്ഥാന കമ്മിറ്റിക്കു റിപ്പോർട്ട് നൽകിയേക്കും. സിറ്റിങ്ങിൽ പങ്കെടുത്ത ഭൂരിഭാഗം പേരും എച്ച്.സലാമിന്റെ പരാതികൾ ശരിവയ്ക്കുന്നവിധം വിവരങ്ങൾ നൽകിയിട്ടുണ്ടെന്നാണു സൂചന.
പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളുണ്ടായേക്കും. വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്കനടപടിയെന്ന നിലയിൽ തരംതാഴ്ത്തലോ ശാസനയോ താക്കീതോ ഉണ്ടാകാം.
English Summary: Allegations against G Sudhakaran, CPM investigation completed