'മുഖ്യമന്ത്രി പ്രേരിപ്പിച്ചെന്ന് സ്വപ്ന മൊഴി നല്കി; കോടതിയില്‍ പറഞ്ഞതില്‍ മാറ്റമില്ല'
Mail This Article
കൊച്ചി ∙ മുഖ്യമന്ത്രിയുടെയും അന്നത്തെ സ്പീക്കറുടെയും പ്രേരണയാലാണ് യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ ഡോളർ കടത്തിയതെന്നു സ്വപ്ന സുരേഷ് മൊഴി നൽകി എന്നതിൽ ഉറച്ചുനിൽക്കുന്നതായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ വ്യക്തമാക്കി. ജയിലിൽ ഭീഷണിയുണ്ടെന്ന വിവരവും ചോദ്യം ചെയ്യലിനിടെ സ്വപ്ന കസ്റ്റംസിനോടു വ്യക്തമായി പറഞ്ഞതാണ്. ജയിലിലെ സുരക്ഷ സംബന്ധിച്ചു സ്വപ്നയും അവരുടെ ബന്ധുവും പറഞ്ഞ കാര്യങ്ങളാണു കസ്റ്റംസ് കോടതിയെ അറിയിച്ചത്. കേന്ദ്ര സർക്കാരിനെയും ഇത് അറിയിച്ചെന്നു മുംബൈയിലേക്കു സ്ഥലംമാറിപ്പോകുന്ന സുമിത് കുമാർ ‘മനോരമ’യോടു പറഞ്ഞു.
അട്ടക്കുളങ്ങര ജയിലിൽ സ്വപ്‌നയ്‌ക്കു മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിലെ നിരീക്ഷണങ്ങൾക്കെതിരെ ജയിൽ ഡിജിപി നൽകിയ ഹർജിയിന്മേലുള്ള വിശദീകരണപത്രികയിലാണ് സുമിത് കുമാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. സത്യവാങ്മൂലത്തിൽ ‘മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എന്നൊരു പരാമർശമുണ്ടല്ലോ?’ എന്ന ചോദ്യത്തിന്, ‘അതെല്ലാം പൊതുജനത്തിനു ലഭ്യമായിട്ടുള്ള രേഖകളാണ്. അതിൽ മാറ്റമൊന്നുമില്ല’ എന്നായിരുന്നു മറുപടി.
English Summary: Sumit Kumar continues his allegations against CM Pinarayi Vijayan