ADVERTISEMENT

കോഴിക്കോട് ∙ മുസ്‍ലിം ലീഗ് വ്യക്തി കേന്ദ്രീകൃതമായി ചുരുങ്ങിപ്പോകില്ലെന്ന് ലീഗ് നേതാക്കളായ എം.കെ.മുനീർ എംഎൽഎയും കെ.എം.ഷാജിയും. വ്യക്തിയല്ല, പാർട്ടിയാണു പ്രധാനമെന്നും, അഭിപ്രായ വ്യത്യാസങ്ങളും വിമർശനങ്ങളും ഇനിയും പാർട്ടിയിൽ രേഖപ്പെടുത്തുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി.

ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങളുടെ പരസ്യപ്രതികരണം തെറ്റാണെന്നു പാർട്ടി ഉന്നതാധികാര സമിതി വിലയിരുത്തിയതിനു തൊട്ടടുത്ത ദിവസമാണു മുഈൻ അലിയെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടുമായി ഇരുനേതാക്കളും രംഗത്തെത്തിയത്. 

മുഈൻ അലി പറഞ്ഞ കാര്യങ്ങൾ നേരത്തേ വിവിധ സന്ദർഭങ്ങളിൽ ചർച്ച ചെയ്തതാണെന്നും, ഇനിയും  ചർച്ച ചെയ്യുമെന്നും എം.കെ.മുനീർ പറഞ്ഞു. ഉന്നതാധികാര സമിതിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു എന്ന പ്രചാരണം ശരിയല്ല. ആര് എന്ത് അഭിപ്രായം പറഞ്ഞാലും അവസാനം എടുക്കുന്ന തീരുമാനമാണു പ്രധാനം – മുനീർ പറഞ്ഞു.  

വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാകുന്നതിന്റെ ഭാഗമാണെന്നാണു കെ.എം.ഷാജി ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞത്.  ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് അതാണെന്നും ഷാജി ഫെയ്സ്ബുക് പേജിൽ കുറിച്ചെങ്കിലും അൽപസമയത്തിനകം പോസ്റ്റ് തിരുത്തി. 

‘പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കമുള്ള നേതാക്കളും കാണിച്ച ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ ഫലമാണ് മുസ്‍ലിം ലീഗ് എടുത്ത തീരുമാനങ്ങൾ’ എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്. ആദ്യത്തെ പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതിനെ തുടർന്നാണു രണ്ടാമത്തെ പോസ്റ്റ് എന്നും ഷാജി വ്യക്തമാക്കി.

English Summary: MK Muneer, KM Shaji support Mueen Ali Thangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com