ADVERTISEMENT

മലപ്പുറം ∙ പാർട്ടിയാണു മുഖ്യമെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ. പ്രശ്നങ്ങൾക്കു പിന്നിൽ സിപിഎം ആണെന്ന് ആവർത്തിച്ചും മുഈൻ അലി തങ്ങളുടെ പ്രഖ്യാപനത്തിന് അടിവരയിട്ടും പി.എം. എ.സലാം. പാണക്കാട് കുടുംബാംഗം ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ തുറന്നടിച്ചതിനെത്തുടർന്ന് മു‌സ്‌ലിം ലീഗിൽ ഉടലെടുത്ത പ്രതിസന്ധിക്കു താൽക്കാലിക അയവ്. 

‘ആരോടും വ്യക്തി വിരോധമില്ല. പാർട്ടിയാണു മുഖ്യം. പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ പ്രവർത്തിക്കും. എല്ലാം കലങ്ങിത്തെളിയും. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല. പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തിൽ.’ മുഈൻ അലി ശിഹാബ് തങ്ങൾ ഇന്നലെ ഫെയ്സ്ബുക്കിൽ കുറിച്ചു. 

കോഴിക്കോട് പാർട്ടി ആസ്ഥാനത്തെ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങളിലൂടെ വിവാദക്കൊടുങ്കാറ്റ് അഴിച്ചുവിട്ടശേഷം മുഈൻ അലിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണ് മുഈൻ അലി. 

മുഈൻ അലിയുടെ അഭിപ്രായത്തിനു അടിവരയിട്ട് പിന്നാലെ സംസ്ഥാന സെക്രട്ടറി പി.എം.എ.സലാമിന്റെ ഫെയ്സ്ബുക് പോസ്റ്റെത്തി. പാർട്ടിയുടെ ദിവസക്കൂലിക്കാരെ ഉപയോഗിച്ച് മുസ്‍ലിം ലീഗിലും പാണക്കാട് കുടുംബത്തിലും ഛിദ്രതയുണ്ടാക്കാൻ ശ്രമിച്ചതു സിപിഎം ആണെന്നു സലാം ആരോപിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മുസ്‍ലിം ലീഗ് ഉന്നതാധികര സമിതി യോഗം മുഈൻ അലിക്കെതിരായ നടപടി സംബന്ധിച്ച തീരുമാനം ഹൈദരലി ശിഹാബ് തങ്ങൾക്കു വിട്ടിരുന്നു.  

മുഈൻ അലിയെ തെറ്റു ബോധ്യപ്പെടുത്തിയെന്ന് പാണക്കാട് കുടുംബം യോഗത്തെ അറിയിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണു പാർട്ടി നിലപാടിനോടു ചേർന്നു നിന്നു മുഈൻ അലി തങ്ങൾ ഫെയ്സ്ബുക് പോസ്റ്റിട്ടത്.

English Summary: Panakkad Mueen Ali Thangal clarify in Facebook about recent row of IUML

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com