കയ്യൂക്ക് വീണ്ടും; മീൻ തട്ടിയെറിഞ്ഞ് നിയമപാലനം
Mail This Article
തിരുവനന്തപുരം ∙ പാതയോരത്തു മത്സ്യവിൽപനക്കാരിയെ കയ്യേറ്റം ചെയ്തും മീൻ തട്ടിയെറിഞ്ഞു നശിപ്പിച്ചും ആറ്റിങ്ങൽ നഗരസഭാ ജീവനക്കാരുടെ ക്രൂരത. പിടിവലിയിൽ പരുക്കേറ്റ മത്സ്യവിൽപനക്കാരി അൽഫോൻസിയ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഏതാണ്ട് 20,000 രൂപ വിലവരുന്ന മീനാണു നശിപ്പിച്ചത്. മര്യാദയും മനുഷ്യത്വവുമില്ലാത്ത ചെയ്തികൾ ചോദ്യം ചെയ്ത നാട്ടുകാരെയും ഓട്ടോ ഡ്രൈവർമാരെയും നഗരസഭാ ജീവനക്കാരൻ കയ്യേറ്റം ചെയ്തു. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധവും വിവാദവും കടുത്തു.
അൽഫോൻസിയയുടെ പരാതിയിൽ ആക്രമിച്ചതിനും മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചതിനും 3 നഗരസഭാ ജീവനക്കാർക്കെതിരെയും നഗരസഭയുടെ പരാതിയിൽ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റത്തിന് അൽഫോൻസിയയ്ക്കെതിരെയും ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.
ആറ്റിങ്ങൽ അവനവഞ്ചേരി ജംക്‌ഷനിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫിസിനു സമീപം താമസിക്കുന്ന അൽഫോൻസിയ വർഷങ്ങളായി ഈ ജംക്‌ഷനിലെ മത്സ്യവിൽപനക്കാരിയാണ്. മത്സ്യമാർക്കറ്റുകൾ കോവിഡ് മൂലം അടഞ്ഞു കിടക്കുന്നതിനാൽ വഴിയോരത്താണു വിൽപന. ഇടതുപക്ഷം ഭരിക്കുന്ന നഗരസഭ, വഴിക്കച്ചവടം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നലെയും ചിലർ കച്ചവടത്തിനെത്തി. 11 മണിയോടെ എത്തിയ ആരോഗ്യ വിഭാഗം ജീവനക്കാർ, മീൻ ചരുവവുമായി പോകാനൊരുങ്ങിയ അൽഫോൻസിയയിൽനിന്നു ബലം പ്രയോഗിച്ചു പിടിച്ചെടുക്കുമ്പോഴാണു മത്സ്യം ചിതറി റോഡിൽ വീണത്. പിന്തുണയുമായി നാട്ടുകാരും കൂടിയതോടെ സംഘർഷവും ഉന്തും തള്ളുമായി.
പരാതികളുടെ അടിസ്ഥാനത്തിൽ വഴിക്കച്ചവടം തടഞ്ഞതാണെന്നും മത്സ്യം വലിച്ചെറിഞ്ഞിട്ടില്ലെന്നും നഗരസഭ അധ്യക്ഷ എസ്.കുമാരി വിശദീകരിച്ചു. പലകപ്പുറത്തു വച്ചിരുന്ന മത്സ്യം മാറ്റാൻ ശ്രമിക്കുമ്പോൾ റോഡിൽ വീഴുകയായിരുന്നു. ആറ്റിങ്ങൽ പട്ടണത്തിൽ വഴിയോര കച്ചവടം നിരോധിച്ചിട്ടുണ്ടെന്നും നഗരസഭ വ്യക്തമാക്കി. പിടികൂടിയ മത്സ്യം നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ കയറ്റി മാലിന്യ സംസ്കരണ പ്ലാന്റിലേക്കു മാറ്റി.
English Summary: Attingal muncipality employees cruelty towards fish seller