ഒരു തെറ്റിന് രണ്ടു തെറ്റ് ഫ്രീ; മഹാ മനസ്കനായ ബാബു, ചിരി സഹിക്കാതെ സ്പീക്കർ
Mail This Article
തെറ്റു തിരുത്താൻ മറ്റൊരാളോട് ആവശ്യപ്പെടുന്നവർ ആദ്യം സ്വയം തിരുത്തണമെന്ന ആപ്തവാക്യം കെ.ബാബു കേട്ടിട്ടുണ്ട്. സ്വയം തെറ്റുചെയ്യാത്തതുകൊണ്ട് ബോധപൂർവം അതു ചെയ്തു തിരുത്തി മാതൃക കാട്ടുന്ന മഹാ മനസ്കൻ കൂടിയാണു ബാബു എന്ന് ഇന്നലെയാണു സഭയ്ക്ക് ബോധ്യപ്പെട്ടത്.
സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തീരുമാനിച്ചതു വഴി തെറ്റുതിരുത്തിയതിന് സിപിഎമ്മിനെ അനുമോദിക്കുക തന്നെ ചെയ്തു ബാബു. പക്ഷേ കുമ്പസാരത്തിനു മുൻപു പാപം ഏറ്റു പറഞ്ഞ് പ്രാർഥിക്കുന്ന ‘ജപട’ ആയ ‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’ കൂടി ഒപ്പം പറയണമെന്നായിരുന്നു നോക്കി വായിച്ച അദ്ദേഹത്തിന്റെ ആവശ്യം.‘ജപടയോ? ജപം അല്ലേ?’ – ചോദിച്ചതു മന്ത്രി കെ.എൻ.ബാലഗോപാൽ. ബാബു കയ്യോടെ മാതൃക കാട്ടി: ‘അതെ, ജപം. തെറ്റ് ഞാൻ തിരുത്തുകയാണ്’
ഒരുദാഹരണം കൊണ്ട് സിപിഎമ്മിനു കാര്യങ്ങൾ ബോധ്യമാകില്ലെന്നു തൃപ്പൂണിത്തുറ എന്ന സ്വരാജ്യം ഇത്തവണ അവരിൽ നിന്നു തിരിച്ചു പിടിച്ച ബാബുവിന് അറിയാം. അദ്ദേഹം തുടർന്നു: ജാവലിൻ സ്വർണം നേടിയ സൂര്യകാന്ത് മിശ്രയ്ക്ക് കോടികൾ കിട്ടിയപ്പോൾ ശ്രീജേഷിനു നിങ്ങൾ എന്തു കൊടുത്തു!’ നീരജ് ചോപ്രയ്ക്കു പകരം സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ സൂര്യകാന്ത് മിശ്രയുടെ പേര് പറഞ്ഞാൽ അവർക്കു പെട്ടെന്നു പിടികിട്ടുമെന്നോ മറ്റോ അദ്ദേഹത്തിനു തോന്നി. ചിരി സഹിക്കാതെ സ്പീക്കർ പറഞ്ഞു : ‘ബാബുവിന്റെ ഐറ്റം ഫുട്ബോൾ ആയതിന്റെ പ്രശ്നം ആണെന്നു തോന്നുന്നു..’ ബാബു രണ്ടാമതും തെറ്റു തിരുത്തി !
ചുറ്റുമുള്ള എന്തും പറയാൻ സ്വാതന്ത്ര്യം തരുന്നതാണ് ഉപധനാഭ്യർഥന ചർച്ചകൾ. സ്വാഭാവികമായും ബാബു കത്തിച്ച ‘സ്വാതന്ത്ര്യ ദിനാഘോഷം’ ആളിപ്പടർന്നു. വൈകിയുദിച്ച വിവേകമെന്നു ചൂണ്ടിക്കാട്ടി മഞ്ഞളാംകുഴി അലിയും ടി.െജ.വിനോദും തിരുവഞ്ചൂർ രാധാകൃഷ്ണനും ഭരണപക്ഷത്തെ കുത്തിനോവിച്ചു.
സ്വാതന്ത്ര്യസമര പൈതൃകത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക് അക്കമിട്ടു നിരത്തി എ.എൻ.ഷംസീർ മറുപടി നൽകി. പരിഹസിക്കുന്നവർ ആദ്യം എകെജിയുടെ ആത്മകഥ വായിക്കണമെന്ന് ഉപദേശിച്ചു മന്ത്രി ബാലഗോപാലും കക്ഷി ചേർന്നു.
മാതൃസംഘടനയായ ലീഗിനെ, പണ്ടു പാർട്ടി വിട്ട പി.ടി.എ. റഹീം ഇടയ്ക്കിടെ പരിഹസിക്കുന്നത് മഞ്ഞളാംകുഴി അലിക്കു തീരെ പിടിക്കുന്നില്ല. ഉറങ്ങുന്ന സിംഹമായ ലീഗിനെ വെറുതെ ഉണർത്തരുതെന്ന സിഎച്ചിന്റെ വാക്ക് കടമെടുത്ത് അലി മുന്നറിയിപ്പു നൽകി.
നിലപാടു മാറ്റത്തിന്റെ പേരിൽ സിപിഎമ്മിനെ പരിഹസിക്കുന്ന അലിയെ പണ്ട് ഇടതു ബെഞ്ചിൽ കണ്ടിട്ടുണ്ടല്ലോ എന്നായി മാത്യു ടി.തോമസ്. കർണാടകയിലെ കുമാരസ്വാമിക്ക് ദളിനോടോ അതോ ബിജെപിയോടോ കൂറ് എന്നു മാത്യു ടി. ആദ്യം പറയൂ എന്നായി ടി.ജെ.വിനോദ്. ജലീലിനു പകരം ലീഗിനു നിറയൊഴിക്കുന്ന ദൗത്യം കൂടി ഷംസീർ ഏറ്റെടുത്തു. 2031ൽ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഈ പോര് കൊഴുക്കുമ്പോഴും എൽഡിഎഫ് കൺവീനർ എ.വിജയരാഘവനായി വാദിച്ചത് ലീഗിലെ പി. ഉബൈദുല്ല മാത്രം. വിജയരാഘവൻ പഠിച്ച മലപ്പുറം ഗവ.കോളജിൽ കൂടുതൽ കോഴ്സ് വേണമെന്നാണു ശുപാർശ.
അൽഫോൻസിയ എന്ന മത്സ്യവിൽപനക്കാരിയുടെ ജീവിത വരുമാനത്തിൽ പൊലീസ് നടത്തിയ തൊഴി ചോദ്യോത്തര വേളയെ പ്രക്ഷുബ്ധമാക്കി. വനിതാ മന്ത്രി വീണാ ജോർജ് മറുപടി പറഞ്ഞപ്പോൾ പ്രതിപക്ഷം അൽഫോൻസിയയ്ക്ക് ഐക്യദാർഢ്യം പ്രതീക്ഷിച്ചെങ്കിലും തെറിച്ചു വീണ ആ മീൻകുട്ടയിലേക്ക് വീണ നേരിട്ടു നോക്കാതിരുന്നത് അവരെ പ്രകോപിപ്പിച്ചു.
കുട്ടനാടിന്റെ കദനം സഭ നിർത്തി ചർച്ച ചെയ്യണമെന്ന പി.സി.വിഷ്ണുനാഥിന്റെ ആവശ്യം സർക്കാർ നിരാകരിക്കുന്നതിനിടെ പ്രതിപക്ഷത്തിന്റേത് ദുരാരോപണങ്ങളാണ് എന്ന ആക്ഷേപവുമായി കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് എത്തി.
മണ്ഡലത്തോടോ മുഖ്യമന്ത്രിയോടോ തോമസിനു മമത കൂടുതൽ എന്ന ആശയക്കുഴപ്പമാണ് അദ്ദേഹത്തിന്റെ പ്രസംഗം നൽകിയത്. ഉള്ളിലിരിപ്പ് കണ്ടെത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്: ‘ രണ്ടര വർഷം കഴിഞ്ഞ് നിങ്ങൾക്കു മന്ത്രിയാകാൻ മുഖ്യമന്ത്രിയെ പുകഴ്ത്തണമെങ്കിൽ നടക്കട്ടെ. അതു ഞങ്ങളുടെ ചെലവിൽ വേണ്ട’.
∙ ഇന്നത്തെ വാചകം
‘സ്വർണക്കടത്തു കേസിൽ അറസ്റ്റിലായില്ലായിരുന്നെങ്കിൽ സ്വപ്ന സുരേഷ് ഇവിടെ അവതരിപ്പിച്ച ഡിജിറ്റൽ വാഴ്സിറ്റിയുടെ വൈസ് ചാൻസലർ ആകുമായിരുന്നു.’ – എം.കെ.മുനീർ
Content Highlight: Kerala Assembly, Naduthalam