ഡോ. പ്രീതി ജോണിന് ഹാർവഡ് ഗ്ലോബൽ ലീഡ് ഫെലോഷിപ്
Mail This Article
കോട്ടയം ∙ മലയാളിയും പഞ്ചാബ് ചിറ്റ്കാര ഗ്ലോബൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായ ഡോ. പ്രീതി ജോൺ ഉൾപ്പെടെ 5 വനിതകൾക്ക് ഹാർവഡ് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലീഡ് ഫെലോഷിപ് ലഭിച്ചു. രാജ്യാന്തര ആരോഗ്യ രംഗത്ത് വനിതാ നേതാക്കളെ സൃഷ്ടിക്കുന്നതിനു ഹാർവഡ് ഗ്ലോബൽ ഹെൽത്ത്് ഇൻസ്റ്റിറ്റ്യൂട്ടും വിമൻ ആൻഡ് ഹെൽത്ത് ഇനിഷ്യേറ്റീവും ചേർന്നാണു ഫെലോഷിപ് നൽകുന്നത്. ഒരു വർഷം നീണ്ട പരിശീലന പരിപാടിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ നേതൃപാടവം ഉയർത്തുകയാണ് ലക്ഷ്യം.
മാങ്ങാനം ഒറ്റപ്ലാക്കൽ പരേതനായ ഒ.സി. ജോണിന്റെയും ഗീത ജോണിന്റെയും മകളായ ഡോ. പ്രീതി ബിസിഎം കോളജിൽ നിന്നു ബിരുദം, മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നു ബിരുദാനന്തര ബിരുദം, ഐഐടി മദ്രാസിൽ നിന്നു ഹെൽത്ത് മാനേജ്മെന്റിൽ പിഎച്ച്ഡി എന്നിവ നേടിയിട്ടുണ്ട്.
ഹെൽത്ത് മാനേജ്മെന്റ് രംഗത്ത് കാൽ നൂറ്റാണ്ടിന്റെ തൊഴിൽ പരിചയമുള്ള ഡോ.പ്രീതി, പുണെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മാനേജ്മെന്റിൽ റിസർച് ഓഫിസർ, അരവിന്ദ് ഐ കെയർ സിസ്റ്റത്തിൽ ഫാക്കൽറ്റി, വിമൻ ഇൻ ഗ്ലോബൽ ഹെൽത്ത് ഇന്ത്യ ചാപ്റ്റർ സഹസ്ഥാപക എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്രിജറ്റ് സോലോംബ മാലെവെസി (മലാവി), മാരെലി ക്ലാസെൻസ് (നമീബിയ), ആലീസ് കയോംഗോ (യുഗാണ്ട), ജൂലിയറ്റ കാവെറ്റുന (നമീബിയ) എന്നിവരാണ് ഫെലോഷിപ് നേടിയ മറ്റു വനിതകൾ.
English Summary: Harvard global lead fellowship for Dr. Preethi John