സവർക്കർ ഫാൻസുകാരുടെ ജൽപനങ്ങൾക്ക് ചെവി കൊടുക്കില്ല: സ്പീക്കർ
Mail This Article
തിരുവനന്തപുരം ∙ ഭഗത്‌സിങ്ങിന്റെയും വരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താൻ താരതമ്യപ്പെടുത്തി എന്ന് ആക്ഷേപമുന്നയിക്കുന്നവർക്ക് എന്നു മുതലാണ് ഭഗത് സിങ്ങിനോട് ആദരം തോന്നിത്തുടങ്ങിയതെന്ന് സ്പീക്കർ എം.ബി.രാജേഷ്. ഭഗത് സിങ്ങിനെ അവഗണിച്ച സവർക്കർ ഫാൻസ് അസോസിയേഷൻകാരുടെ ജൽപനങ്ങൾക്കു ചെവി കൊടുക്കില്ല. ഭഗത് സിങ്ങിനോടു ചിലർക്കു പെട്ടെന്നുണ്ടായ സ്നേഹ ബഹുമാനം ആശ്ചര്യപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ ഭഗത് സിങ്ങിന്റെ പ്രതിമ സ്ഥാപിച്ചത് ഡിവൈഎഫ്‌ഐയുടെ ജനറൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് സലിം രാജ്യസഭാംഗമായിരുന്നപ്പോൾ നൽകിയ കത്തിനെ തുടർന്നാണ്.
∙ കെ. സുധാകരൻ: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസല്യാർ എന്നിവരടക്കം മലബാർ വിപ്ലവത്തിൽ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ചരിത്രഗവേഷണ കൗൺസിലിന്റെ തീരുമാനം നീചവും നികൃഷ്ടവും വഞ്ചനാപരവും. മലബാർ വിപ്ലവം സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്വല അധ്യായമാണ്. അതു വർഗീയവൽക്കരിച്ചു കാണാൻ സംഘപരിവാർ ശക്തികൾക്കേ കഴിയൂ.
∙ എം.എം.ഹസൻ: ചരിത്രത്തെ കാവി പുതപ്പിക്കാനാണു ധീരരക്തസാക്ഷികളെ ഒഴിവാക്കുന്നത്.
∙ രമേശ് ചെന്നിത്തല: ചരിത്രഗവേഷണ കൗൺസിലിന്റെ നടപടി ഭീരുത്വവും ഇന്ത്യയുടെ മഹത്തായ ദേശീയ സമരത്തോടുള്ള അവഹേളനവുമാണ്.
∙ എ.വിജയരാഘവൻ: സംഘടനാ രൂപത്തിലെ പരിമിതികൾ കാരണം ചില വർഗീയ പ്രശ്നങ്ങളുണ്ടായെങ്കിലും മലബാർ കലാപം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെ. കലാപത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ചരിത്രകാരന്മാരും പഠനങ്ങളും അതിന്റെ ബ്രിട്ടിഷ് വിരുദ്ധതതയ്ക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്.
∙ കോടിയേരി ബാലകൃഷ്ണൻ: മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരമായി അംഗീകരിക്കാൻ തയാറല്ലാത്തവരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ കലാപകാരികളോട് ഉപമിക്കുന്നത്. പറഞ്ഞു. ചരിത്രത്തെ വക്രീകരിച്ച് അവതരിപ്പിക്കാൻ ആർഎസ്എസ് ബോധപൂർവം രംഗത്തിറങ്ങിയിരിക്കുകയാണ്. തുടക്കം മുതൽ മലബാർ കലാപത്തെ തെറ്റായി ചിത്രീകരിക്കുകയാണ് ആർഎസ്എസ് ചെയ്തത്. അതിനു ശരിയായ രൂപം കൊടുത്തത് കമ്യൂണിസ്റ്റ് ചരിത്രകാരന്മാരാണ്.
പരാതിയുമായി ബിജെപി
കണ്ണൂർ∙ മലബാർ കലാപം നയിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ തീവ്രവാദിയെന്നു വിളിച്ച ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനവുമായി സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയ്ക്ക് എതിരെ ബിജെപി ജില്ലാ നേതാക്കൾ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി.
എ.പി. അബ്ദുല്ലക്കുട്ടിയെ പേരെടുത്തു പറഞ്ഞ്, ‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുത്വ ലഹളയുണ്ടാക്കിയെന്നു രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി പറയുന്ന നിന്നെയാണ് ആദ്യം കൊല്ലേണ്ടത്. അവസരം കിട്ടിയാൽ ഞാനാണ് നിന്റെ കഴുത്തറുക്കുക.’ എന്നു വിഡിയോയിൽ ഭീഷണിപ്പെടുത്തുന്നുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങളും വിഡിയോയിലുണ്ട്. ബിജെപിയുടെ പരാതി ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു.
നടപടിക്കെതിരെ വാരിയംകുന്നത്തിന്റെ കുടുംബ കൂട്ടായ്മ
മലപ്പുറം ∙ മലബാർ സമരപോരാളികളുടെ രക്തസാക്ഷിത്വത്തെ സ്വാതന്ത്ര്യ സമര ചരിത്ര നിഘണ്ടുവിൽ നിന്നു മായ്ച്ചു കളയാനുള്ള നീക്കം അപലപനീയമെന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ. ഇതിനെതിരായി അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ 10.30ന് മലപ്പുറം പാസ്പോർട്ട് ഓഫിസിനു മുന്നിൽ കോവിഡ് മാനദണ്ഡം പാലിച്ച് ധർണ നടത്തും.
English Summary: MB Rajesh justified and explained the comparison between the martyrdom of Bhagat Singh and Variyamkunnath Kunjahammed Haji