മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിലെ ഉജ്വല അധ്യായം: എം.ബി.രാജേഷ്
Mail This Article
പൂക്കോട്ടൂർ (മലപ്പുറം) ∙ അപഭ്രംശങ്ങളെ സാമാന്യവൽക്കരിച്ചു മലബാർ കലാപത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്നതു ചരിത്രത്തോടുള്ള അനീതിയാണെന്നു സ്പീക്കർ എം.ബി.രാജേഷ്.
മലബാർ കലാപം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉജ്വല അധ്യായമാണ്. ഏതെങ്കിലും പട്ടികയിൽ പേരുവരാനല്ല മലബാർ കലാപ നായകർ ബ്രിട്ടനെതിരെ ധീരമായ പോരാട്ടം നടത്തിയതെന്നും രാജേഷ് പറഞ്ഞു. മലബാർ കലാപത്തിന്റെ 100ാം വാർഷികത്തോടനുബന്ധിച്ചു മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഓർമകളുടെ വീണ്ടെടുപ്പ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന നയത്തിന്റെ ഭാഗമായി ബ്രിട്ടിഷുകാരാണു മലബാർ കലാപത്തെ മാപ്പിള ലഹളയെന്ന് ആദ്യമായി വിളിച്ചത്. ബ്രിട്ടിഷുകാരെ പിന്തുണയ്ക്കുന്ന ജന്മിമാർ പിന്നീട് ഇതു വ്യാപകമായി പ്രചരിപ്പിച്ചു. ചൂഷിതരായ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ യോജിച്ചു നിൽക്കണമെന്നതാണു മലബാർ കലാപം നൽകുന്ന പാഠമെന്നും അദ്ദേഹം പറഞ്ഞു.
English Summary: MB Rajesh on Malabar rebellion