ADVERTISEMENT

കോഴിക്കോട് ∙ കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ നിന്നു വിരമിച്ച സിഐടിയു നേതാവിന് അതേ തസ്തികയിൽ വീണ്ടും നിയമനം. ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എൻജിനിയറായി വിരമിച്ച ആൾക്കാണ് പുനർനിയമനം നൽകിയത്. കെഎച്ച്ആർ ഡബ്ല്യുഎസിൽ നിന്നു വിരമിച്ചവരെ സ്ഥാപനത്തിൽ വീണ്ടും നിയമിക്കരുത് എന്ന നിലവിലുള്ള ഉത്തരവിനു (എ7–2508–09 –കെഎച്ച്ആർഡബ്ല്യൂഎസ്) വിരുദ്ധമാണ് ഈ നടപടി എന്ന് ആരോപണം ഉണ്ട്. 

കെഎച്ച്ആർഡബ്ല്യുഎസ് ആസ്ഥാന ഓഫിസിൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ നിന്ന് ഒരു മാസം മുൻപാണ് സംഘടനാ നേതാവ് വിരമിച്ചത്. ഇവിടെ നിന്നു വിരമിച്ചവരെ വീണ്ടും നിയമിക്കരുതെന്നും അങ്ങനെ ജോലി ചെയ്യുന്നവർ ഉണ്ടെങ്കിൽ ഉടൻ പിരിച്ചുവിടണമെന്നുമായിരുന്നു 2014ലെ ഉത്തരവ്. ഈ ഉത്തരവ് പിൻവലിച്ചിട്ടുമില്ലെന്ന് ജീവനക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു. 

30 വർഷത്തോളം താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുകയും  ഒരു ആനുകൂല്യവും ലഭിക്കാതെ വിരമിക്കുകയും ചെയ്തതിനു ശേഷം പുനർ നിയമനം നൽകിയിരുന്ന താഴെത്തട്ടിലുള്ള ജീവനക്കാരെയാണ്  2014ൽ ഈ ഉത്തരവുപ്രകാരം പിരിച്ചുവിട്ടത്.

എന്നാൽ സർവീസിൽ സ്ഥിര നിയമനം ലഭിക്കുകുയും മികച്ച ശമ്പളവും ആനുകൂല്യങ്ങളും പറ്റി വിരമിക്കുകയും ചെയ്തവരെയാണ് ഇപ്പോൾ ഉത്തരവിനു വിരുദ്ധമായി വീണ്ടും നിയമിക്കുന്നത്. അടുത്ത മാസം ആദ്യം ചേരാനിരിക്കുന്ന ഗവേണിങ് ബോഡിയിൽ നിയമനത്തിന് അംഗീകാരം വാങ്ങാനും ശ്രമിക്കുന്നുണ്ട്.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ (2), ഓവർസീയർ തസ്തികകളിലേക്ക് ജൂൺ 14നാണ് അപേക്ഷ ക്ഷണിച്ചത്. 23നായിരുന്നു അവസാന തീയതി. രണ്ട് അസിസ്റ്റന്റ് എൻജിനീയർ നിയമനം മാത്രമാണ് നടന്നത്. ഒരാൾ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നു വിരമിച്ചയാളാണ്.

∙ ‘കരാർ നിയമനത്തിൽ പ്രശ്നങ്ങൾ ഇല്ല. മാധ്യമങ്ങളിൽ പരസ്യം നൽകിയും നടപടിക്രമങ്ങൾ പാലിച്ചുമാണ് നിയമനം നടത്തിയത്. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യാൻ യുവാക്കളെ ലഭിക്കില്ല. മാത്രമല്ല, വിരമിച്ചവരാവുമ്പോൾ ജോലിയിൽ പരിചയസമ്പന്നതയും ഉണ്ടാകും. ഈ തസ്തികയിലേക്ക് 3 പേർ അപേക്ഷ നൽകിയിരുന്നു. ഇദ്ദേഹത്തിനായിരുന്നു കൂടുതൽ യോഗ്യത.’ – സുധീർ ബാബു, എംഡി, കെഎച്ച്ആർഡബ്ല്യുഎസ്

English Summary: Controversy over re-appointment of CITU leader in KHRWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com