തൃക്കളത്തൂർ കാർ അപകടം: നാലാമനും മരിച്ചു
Mail This Article
മൂവാറ്റുപുഴ∙ എംസി റോഡിലെ തൃക്കളത്തൂർ കാവുംപടിയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. തൊടുപുഴ പുറപ്പുഴ മുക്കിലിക്കാട്ടിൽ രാജേന്ദ്രന്റെയും സജിനിയുടെയും മകൻ അമർനാഥ് ആർ. പിള്ള (20) ആണു മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ തൃക്കളത്തൂർ കാവുംപടിയിൽ ഉണ്ടായ അപകടത്തിൽ അമർനാഥിന്റെ സഹോദരൻ ആദിത്യൻ ആർ.പിള്ള (23), മാതൃ സഹോദരിയുടെ മക്കളായ വിഷ്ണു ബാബു (24), അരുൺ ബാബു (22) എന്നിവർ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അമർനാഥ് ഇന്നലെ പുലർച്ചെയാണ് മരിച്ചത്. അമർനാഥിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ബെംഗളൂരുവിൽ നിന്ന് തൊടുപുഴ പുറപ്പുഴയിലേക്കു മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാറും മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് വാങ്ങിയ 2 യൂസ്ഡ് കാറുകളിൽ ഒന്നാണ് അപകടത്തിൽ പ്പെട്ടത്.
ഒരാൾ മാത്രം
മൂക്കിലിക്കാട്ട് വീട്ടിൽ ഇനി മകനായി അനന്തകൃഷ്ണൻ മാത്രം. കോട്ടയം മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുന്ന അനന്തകൃഷ്ണൻ തിരക്കുകളുള്ളതിനാൽ ഇവരോടൊപ്പം യാത്രയ്ക്കു പുറപ്പെട്ടിരുന്നില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം അഞ്ചോടെ പുറപ്പുഴയിലെ വസതിയിൽ അമർനാഥിന്റെ മൃതദേഹം എത്തിച്ചപ്പോൾ 2 ദിവസമായി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കാത്തുനിന്ന അച്ഛൻ രാജേന്ദ്രനും അമ്മ സജിനിയുടെയും മകൻ അനന്തകൃഷ്ണന്റെയും വിലാപം നാടിന്റെ നൊമ്പരമായി. കഴിഞ്ഞ ദിവസം മരിച്ച വിഷ്ണുവിന്റെയും അരുണിന്റെയും മാതാപിതാക്കളായ ബാബുവും രജനിയും ഇവരുടെ അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു.
English Summary: Car-lorry collision in Muvattupuzha: Youth in treatment also dies