ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.മധുവിനെ തരംതാഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നു നീക്കിയ മധുവിനെ ജില്ലാ കമ്മിറ്റിയിൽ നിലനിർത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ വിജയത്തിനു സഹായകരമല്ലാത്ത നിലപാടുകൾ എടുത്തെന്ന ആക്ഷേപം പാർട്ടി കമ്മിഷനും ജില്ലാ കമ്മിറ്റിയും ശരിവച്ചതോടെയാണു തരംതാഴ്ത്തൽ.

എ.വിജയരാഘവൻ, ആനത്തലവട്ടം ആനന്ദൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. അരുവിക്കരയിൽ കെ.എസ്.ശബരീനാഥനെ നേരിടാൻ ആദ്യം ജില്ലാ കമ്മിറ്റി തീരുമാനിച്ചതു ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ മധുവിനെ ആയിരുന്നു. എന്നാൽ നാടാർ വോട്ടു ബാങ്ക് കൂടി കണക്കിലെടുത്തു ജില്ലാ കമ്മിറ്റിയുടെ ശുപാർശ വെട്ടി ജി.സ്റ്റീഫനെ സംസ്ഥാന നേതൃത്വം സ്ഥാനാർഥിയാക്കി. ഇതോടെ ഇടഞ്ഞ മധു തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളി‍ൽ നിന്ന് ഒരു ഘട്ടം വരെ മാറി നിൽക്കുകയും ഏൽപിച്ച ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതിരിക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം.

പാർട്ടി മണ്ഡലം കമ്മിറ്റി നൽകിയ പരാതി പരിശോധിച്ചു സി.ജയൻ ബാബു, സി.അജയകുമാർ, കെ.സി.വിക്രമൻ എന്നിവരെ കമ്മിഷനായി സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ചു. പരാതികൾ ശരിയാണെന്നു കണ്ടെത്തിയ കമ്മിഷൻ മധുവിന്റെ ഭാഗത്തു നിന്നുളള മറ്റു ചില വീഴ്ചകളും കണ്ടെത്തി. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ അച്ചടക്ക നടപടി പ്രാബല്യത്തിൽ വരും. അരുവിക്കരയിൽ ജയിച്ചെങ്കിലും മുതിർന്ന നേതാവിൽ നിന്നു പ്രതീക്ഷിച്ച സഹകരണ മനോഭാവം ലഭിക്കാത്തതു കണക്കിലെടുത്തുള്ള നടപടിയാണു സിപിഎം സ്വീകരിച്ചത്.

English Summary: Aruvikkara, disciplinary action against VK Madhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com