‘മൂല്യമുള്ള അപൂർവ പുരാവസ്തുക്കൾ’; അന്വേഷണം, സംരക്ഷണം, പൊലീസ് കരുതൽ
Mail This Article
തിരുവനന്തപുരം ∙ മോൻസൻ മാവുങ്കലിന്റെ പുരാവസ്തു ഇടപാടിൽ അന്വേഷണവും സംരക്ഷണവും ഒരുമിച്ചൊരുക്കി പൊലീസിന്റെ ‘കരുതൽ’. മോൻസന്റെ വീട് സന്ദർശിച്ചതിനു പിന്നാലെ 2019 മേയിൽ ഇന്റലിജൻസ് അന്വേഷണത്തിനു നിർദേശം നൽകിയ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ ജൂണിൽ ഇയാളുടെ വീടുകൾക്കു സുരക്ഷയുമൊരുക്കി.
2019 ജൂൺ 13നു ബെഹ്റ നൽകിയ രേഖാമൂലമുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി, ആലപ്പുഴ ജില്ലാ പൊലീസ് മേധാവികൾ മോൻസന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകൾക്കു സുരക്ഷയൊരുക്കിയത്. മോൻസന്റെ പുരാവസ്തു ശേഖരത്തെക്കുറിച്ചും സാമ്പത്തിക ഉറവിടത്തെക്കുറിച്ചും പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഉദ്ദേശ്യശുദ്ധിയെത്തന്നെ ഇതു സംശയനിഴലിലാക്കുന്നു.
ബെഹ്റയും എഡിജിപി മനോജ് ഏബ്രഹാമും കലൂരിലെ വീട്ടിലെത്തിയതിനു പിന്നാലെ വീടുകൾക്കു പൊലീസിന്റെ നിരീക്ഷണം ആവശ്യപ്പെട്ടു മോൻസൻ അപേക്ഷ നൽകി. ഉയർന്ന മൂല്യമുള്ള അപൂർവ പുരാവസ്തുക്കളാണ് ഇവിടെയുള്ളതെന്നു പറഞ്ഞാണ് ബെഹ്റ സംരക്ഷണത്തിനു നിർദേശം നൽകിയതെന്നു രേഖകളിൽ വ്യക്തം.
ചേർത്തലയിലെ വീട്ടിൽ മോൻസന്റെ ഭാര്യയും ജോലിക്കാരിയും മാത്രമാണുള്ളതെന്നും പുരാവസ്തുശേഖരമില്ലെന്നും ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും പൊലീസ് ആസ്ഥാനത്തുനിന്ന് ആവശ്യപ്പെട്ടതിനാൽ സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് 2019 നവംബറിൽ പൊലീസ് മേധാവിയെയും ഇന്റലിജൻസ് മേധാവിയെയും അറിയിച്ചു.
English Summary: Former DGP Loknath Behera ordered to provide security for Monson's homes