എല്ലാ ഗവ. ജീവനക്കാർക്കും ഇ–സർവീസ് ബുക്ക്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഇ–സർവീസ് ബുക്ക് നടപ്പാക്കി ധനവകുപ്പ് ഉത്തരവിറക്കി. ഇൻക്രിമെന്റ്, സ്ഥാനക്കയറ്റം, ഗ്രേഡ് തുടങ്ങിയവ മൂലം ശമ്പളത്തിൽ ഉണ്ടാകുന്ന വ്യത്യാസം അടുത്ത മാസം ഒന്നു മുതൽ ഇ സർവീസ് ബുക്കിൽ രേഖപ്പെടുത്തും.
കഴിഞ്ഞ ജനുവരി 1 മുതൽ സർവീസിൽ കയറിയവർക്ക് ഇ–സർവീസ് ബുക്ക് മാത്രമാവും ഉണ്ടാവുക. 2023 ഡിസംബർ 31നോ, മുൻപോ വിരമിക്കുന്നവർക്ക് ഇപ്പോഴത്തെ സർവീസ് ബുക്ക് തുടരാം. ഈ രണ്ടു വിഭാഗങ്ങളിലും ഉൾപ്പെടാത്തവർക്കു സാധാരണ സർവീസ് ബുക്കും ഇ–സർവീസ് ബുക്കും ഉണ്ടാകും. ഇവരുടെ ഇപ്പോഴത്തെ സർവീസ് ബുക്കിലുള്ള എല്ലാ വിവരങ്ങളും 2022 ഡിസംബർ 31നു മുൻപായി ഇ–സർവീസ് ബുക്കിൽ ചേർക്കണം.
ജീവനക്കാർക്ക് അവരുടെ സ്പാർക് ലോഗിൻ വഴി ഇ–സർവീസ് ബുക്കിലെ വിവരങ്ങൾ കാണാം. മൊബൈൽ നമ്പറും ഇ–മെയിലും മറ്റും സ്പാർക്കിൽ നൽകി ജീവനക്കാർക്കു ലോഗിൻ തയാറാക്കാം. ഇ–സർവീസ് ബുക്കിലേക്കുള്ള മാറ്റം 2 മാസം കൂടുമ്പോൾ ധനവകുപ്പ് വിലയിരുത്തും. ധന വകുപ്പിലെ (പെൻഷൻ ബി) വിഭാഗത്തിനാണ് ഇ സർവീസ് ബുക്കിന്റെ ചുമതല.
സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റെക്കോർഡും മറ്റും 3 വർഷം മുൻപ് ഓൺലൈനാക്കിയിരുന്നു. പൊതുഭരണ വകുപ്പിനു കീഴിലുള്ള സ്കോർ സംവിധാനത്തിലൂടെ നടപ്പാക്കിയ ഇത് ഇപ്പോഴും കുറ്റമറ്റ രീതിയിൽ നടക്കുന്നുണ്ട്. അതിനൊപ്പം ഇ–സർവീസ് ബുക്ക് കൂടി തത്വത്തിൽ നടപ്പാക്കാൻ 2019ൽ ഉത്തരവിറക്കിയിരുന്നെങ്കിലും പൂർണമാക്കാൻ സാധിച്ചിരുന്നില്ല.
English Summary: How to apply for E Service book for Government Employees