കോവിൻ വാക്സീൻ അക്കൗണ്ടുമായി സ്വന്തം മൊബൈൽ നമ്പർ ലിങ്ക് ചെയ്യാം
Mail This Article
ന്യൂഡൽഹി ∙ ഭാവിയിൽ യാത്രാ ബുക്കിങുകൾക്കുൾപ്പെടെ കോവിൻ പോർട്ടലിൽ നിന്ന് നമ്മുടെ വാക്സിനേഷൻ നില നേരിട്ട് അറിയാൻ സൗകര്യം വരുന്നതിനാൽ വാക്സീൻ അക്കൗണ്ട് സ്വന്തം മൊബൈൽ നമ്പറിൽ തന്നെ ബന്ധിപ്പിക്കുന്നതായിരിക്കും ഉചിതം.
പലരും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നമ്പറിൽ നിന്നാണ് വാക്സീൻ ബുക്കിങ് നടത്തിയിട്ടുള്ളത്. പുതിയ രീതി നടപ്പാക്കുന്നതോടെ വാക്സീൻ സർട്ടിഫിക്കറ്റ് പരിശോധിക്കാതെ തന്നെ ട്രെയിൻ/വിമാന യാത്രികരും മറ്റും വാക്സീൻ എടുത്തിട്ടുണ്ടോയെന്ന് അറിയാൻ കഴിയും. കോവിൻ പോർട്ടലിലെ വിവരം നേരിട്ട് മറ്റ് പ്ലാറ്റ്ഫോമിലേക്ക് എടുത്ത് വാക്സിനേഷൻ നില അറിയാനാണ് പുതിയ സൗകര്യം വരുന്നത്.
എന്തുകൊണ്ട് മൊബൈൽ നമ്പർ?
കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്ന കെവൈസി– വിഎസ് (നോ യുവർ കസ്റ്റമേഴ്സ്/ക്ലയന്റ്സ് വാക്സിനേഷൻ സ്റ്റാറ്റസ്) പദ്ധതി പ്രകാരം ഭാവിയിൽ വിമാന/ട്രെയിൻ യാത്ര, ഹോട്ടൽ ബുക്കിങ് എന്നിവയൊക്കെ ചെയ്യുമ്പോൾ കോവിൻ പോർട്ടലിൽ വാക്സീൻ എടുക്കാനായി ഉപയോഗിച്ച നമ്പർ നൽകേണ്ടി വരാം. തുടർന്ന് കോവിനിൽ നിന്ന് തിരിച്ച് ഇതേ നമ്പറിലേക്കു വരുന്ന ഒടിപി (വൺ ടൈം പാസ്‍വേഡ്) നൽകേണ്ടിവരും. സ്വന്തം നമ്പറിൽ തന്നെയാണ് അക്കൗണ്ടെങ്കിൽ മറ്റുള്ളവരോട് ഒടിപി ചോദിക്കുന്നത് ഒഴിവാക്കാം.
കോവിൻ സ്വന്തം നമ്പറിലേക്ക് മാറ്റാൻ
∙ കോവിൻ അക്കൗണ്ട് എടുത്ത മൊബൈൽ നമ്പർ നൽകി കോവിൻ പോർട്ടലിൽ (selfregistration.cowin.gov.in) ലോഗിൻ ചെയ്യുക.
∙ Raise an issue എന്നതിനു താഴെയുള്ള 'Transfer a member to new mobile number' ഓപ്ഷൻ തുറക്കുക.
∙ Member Details എന്നതിനു താഴെ നിങ്ങളുടെ പ്രൊഫൈൽ തിരഞ്ഞെടുക്കുക.
∙ Transfer to എന്നതിനു താഴെ അക്കൗണ്ട് നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ചുവടെയുള്ള സത്യവാങ്മൂലം ടിക്ക് ചെയ്ത് continue ക്ലിക്ക് ചെയ്യുക.
∙ നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി (വൺ ടൈം പാസ്‍വേഡ്) നൽകിയാൽ ട്രാൻസ്ഫർ പൂർത്തിയാകും.
English Summary: How to link mobile number in Cowin Portal