ADVERTISEMENT

∙ 3 ബാങ്കുകളുടെ ചെക്ക് അസാധു
മറ്റു ബാങ്കുകളുമായി ലയിപ്പിച്ച യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, അലഹാബാദ് ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും എംഐസിആർ കോഡുകളും ഇന്നുമുതൽ അസാധു. അവയുടെ ചെക്ക് ലീഫുകൾ ഇന്നു മുതൽ ബാങ്കിങ് സിസ്റ്റം നിരസിക്കും. ഏത് ബാങ്ക് ശാഖയിലേക്കാണോ അക്കൗണ്ടുകൾ ലയിപ്പിച്ചത് അവിടെനിന്നുള്ള ചെക്ക് ബുക്കാണ് ഇനി ഉപയോഗിക്കേണ്ടത്.

∙ ഓട്ടോ ഡെബിറ്റ് ഇല്ല
സ്ഥിരമായ കാലയളവിൽ വരുന്ന ബിൽ അടയ്ക്കലിന് ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകളിൽനിന്ന് ഓട്ടമാറ്റിക് ആയി പണം പിൻവലിക്കപ്പെടുന്ന ഓട്ടോ–ഡെബിറ്റ് രീതി മാറി. ഓരോ തവണയും കാർഡ് ഉടമയുടെ സമ്മതം ഉണ്ടെങ്കിലേ ഇടപാട് പൂർത്തിയാക്കാനാകൂ.

∙ തപാൽ ബാങ്കിൽ എടിഎം ഫീസ്
തപാൽ ബാങ്കിൽ എടിഎം ഫീസ് തപാൽ ബാങ്ക് (ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്) എടിഎം കാർഡുകളുടെ സേവനങ്ങൾക്കു ഇന്നു മുതൽ ഫീസ് ഈടാക്കും. പണം പിൻവലിക്കൽ, സ്വൈപ്പിങ് യന്ത്രങ്ങൾ വഴിയുള്ള ഇടപാടുകൾ തുടങ്ങിയ എല്ലാ സേവനങ്ങൾക്കും ബാധകം.

തപാൽ ബാങ്ക് എടിഎഎമ്മുകളിൽ നിന്ന് ഇനി മാസത്തിൽ 5 തവണയേ സൗജന്യമായി പണം പിൻവലിക്കാനാകൂ. തുടർന്നുള്ള ഇടപാടുകൾക്ക് 10 രൂപയും ജിഎസ്ടിയും ഈടാക്കും. ധനപരമല്ലാത്ത മറ്റ് ഇടപാടുകൾക്ക് അഞ്ചുരൂപയും ജിഎസ്ടിയും.

മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് മാസത്തിൽ മൂന്നുതവണ മെട്രോ നഗരങ്ങളിലും അഞ്ചുതവണ മറ്റു നഗരങ്ങളിലും സൗജന്യമായി പണം പിൻവലിക്കാം. തുടർന്നുള്ള ഇടപാടുകൾക്ക് 20 രൂപയും ജിഎസ്ടിയും ഈടാക്കും. ധനപരമല്ലാത്ത ഇടപാടുകൾക്ക് 8 രൂപയും ജിഎസ്ടിയും ആണ് ഈടാക്കുക.

ഇതര ചാർജുകൾ ഇങ്ങനെ: കാർഡുകളുടെ വാർഷിക മെയിന്റനൻസ് ചാർജ് 125 രൂപയും ജിഎസ്ടിയും. അക്കൗണ്ടിൽ പണമില്ലാത്തതടക്കം അക്കൗണ്ട് ഉടമയുടെ വീഴ്ച മൂലം എടിഎമ്മിൽനിന്ന് പണം ലഭിക്കാതിരിക്കുന്നതടക്കമുള്ളവയ്ക്ക് 20 രൂപ ഈടാക്കും.

∙ ലഘുസമ്പാദ്യ പലിശ കുറയില്ല
നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിങ്ങനെ കേന്ദ്ര സർക്കാർ നടത്തുന്ന എല്ലാ ലഘു സമ്പാദ്യ പദ്ധതികളുടെയും പലിശനിരക്ക് മാറുന്നില്ല. 3 മാസം കൂടുമ്പോഴാണ് ഇവയുടെ നിരക്കുകൾ പരിഷ്കരിക്കുന്നത്.

നിലവിലുള്ള നിരക്കുകൾ ഇന്നു മുതൽ ഡിസംബർ 31 വരെയുള്ള ത്രൈമാസത്തിലും തുടരുമെന്ന് സർക്കാർ അറിയിച്ചു. പിപിഎഫിന് 7.1%, എൻഎസ്‌സിക്ക് 6.8% എന്നിങ്ങനെയാണു വാർഷിക പലിശനിരക്ക്.

സീനിയർ സിറ്റിസൻ സേവിങ്സ് സ്കീം (5വർഷം) 7.4%, സുകന്യ സമൃദ്ധി യോജന 7.6% എന്നിങ്ങനെ പലിശനിരക്കു തുടരും. ടേം ഡിപ്പൊസിറ്റുകളുടെ നിരക്ക് 5.5% മുതൽ 6.7% വരെ.

∙ അഞ്ഞൂറിലേറെ സേവനങ്ങളുമായി ഇ–സേവനം പോർട്ടൽ

വിവിധ സർക്കാർ വകുപ്പുകളുടെ ഡിജിറ്റൽ സേവനം ഏകീകരിക്കുന്നതിന്റെ ഭാഗമായി ഇന്നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഇ–സേവനം പോർട്ടൽ (www.services. kerala.gov.in) വഴി 60 വകുപ്പുകളുടെ അഞ്ഞൂറിലേറെ സേവനങ്ങൾ ആദ്യഘട്ടത്തിൽ ലഭിക്കും. ഐടി മിഷനാണു പോർട്ടലിനു രൂപം നൽകിയത്. എം–സേവനം എന്ന മൊബൈൽ ആപ് വഴി ആദ്യഘട്ടത്തിൽ നാനൂറ്റിയൻപതിലേറെ സേവനങ്ങൾ ലഭിക്കും.
വകുപ്പ്, സേവനം ലഭിക്കേണ്ട വിഭാഗങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ സേവനങ്ങളെ രണ്ടായി തിരിച്ചാണ് പോർട്ടലിൽ ഉൾപ്പെടുത്തിയത്. കൃഷിക്കാർ, വിദ്യാർഥികൾ, സ്ത്രീകളും കുട്ടികളും, യുവജനങ്ങളും നൈപുണ്യ വികസനവും, സാമൂഹിക സുരക്ഷയും പെൻഷൻകാരും, പൊതു ഉപയോഗ സേവനങ്ങൾ, മറ്റു സേവനങ്ങൾ ഉൾപ്പെടെ 9 ഉപവിഭാഗങ്ങളുമുണ്ട്. സർക്കാരിന്റെ വെബ് പോർട്ടലായ www.kerala.gov.in നവീകരണവും പൂർത്തിയായി. വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന ഓൺലൈൻ സേവനങ്ങളുടെ സ്ഥിതിവിവരങ്ങൾ ലഭ്യമാക്കുന്ന സർവീസ് ഡാഷ്‌ ബോർഡ് (dashboard.kerala.gov.in) പുതുക്കി. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉത്തരവുകൾ, അറിയിപ്പുകൾ, വിജ്ഞാപനങ്ങൾ, ടെൻഡറുകൾ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ഡോക്യുമെന്റ് റെപ്പോസിറ്ററി പോർട്ടലും ഇതിന്റെ ഭാഗമാണ്. ഇ–സേവനം പോർട്ടലിന് സി–ഡിറ്റും എം–സേവനം ആപ്പിന് എൻഐസിയുമാണ് സാങ്കേതികസഹായം നൽകിയത്.

∙ ഭക്ഷ്യസുരക്ഷാ നമ്പർ നിർബന്ധം

ഭക്ഷ്യ വ്യാപാരികൾ നൽകുന്ന ബില്ലുകളിൽ ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) നൽകുന്ന ഭക്ഷ്യസുരക്ഷാ നമ്പർ ഇന്നു മുതൽ നിർബന്ധം. ഭക്ഷ്യ വ്യാപാരികൾ നൽകുന്ന ബില്ലുകൾ, കാഷ് മെമ്മോ, രസീതുകൾ എന്നിവയിൽ റജിസ്ട്രേഷൻ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം. ജിഎസ്ടി ഇ– വേ ബില്ലുകളിലും സിസ്റ്റം ജനറേറ്റ് ചെയ്യുന്ന സർക്കാർ രേഖകൾക്കും മാത്രമാണ് ഇളവു നൽകിയിട്ടുള്ളത്.

ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ തുടങ്ങി എല്ലാ ഭക്ഷണശാലകളും ബേക്കറി, മിഠായി വിൽപന, പലചരക്ക് സ്ഥാപനങ്ങൾ തുടങ്ങി എല്ലാ റീട്ടെയ്ൽ സ്ഥാപനങ്ങളിലും ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ബോർഡ് നിർബന്ധമാക്കി. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ബോർഡുകൾക്കു വിവിധ നിറം നൽകിയിട്ടുണ്ട്. ഹോട്ടൽ, റസ്റ്ററന്റ് , തട്ടുകട, തെരുവോര കച്ചവടം (പർപ്പിൾ നിറം), പഴം/പച്ചക്കറി (പച്ച), ഇറച്ചി വിൽപന (ചുവപ്പ്), പാൽ വിൽപന (നീല), ചെറുകിട പലചരക്കു വ്യാപാരം (ചാര നിറം), മദ്യ വിൽപന (തവിട്ട് ), ട്രാൻസ്പോർട്ടേഷൻ, വിതരണം (നേവി ബ്ലൂ), സ്റ്റോറേജ് (മഞ്ഞ).

∙ ഒന്നര മാസമായ കുഞ്ഞുങ്ങൾക്ക് സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയയ്ക്കെതിരായ പുതിയ വാക്സീൻ വിതരണം ഇന്നു മുതൽ. കൂടുതൽ വായനയ്ക്ക്...

∙ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും അറിയിക്കാനുള്ള കോൾ സെന്റർ (180042 552 55) ഇന്നു മുതൽ. സമയം പകൽ 10 മുതൽ 5 വരെ. 

∙ കോവിഡ് കാലത്ത് കെഎസ്ആർടിസി സൂപ്പർ ക്ലാസ് സർവീസുകളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നൽകിയിരുന്ന 25% നിരക്ക് പിൻവലിച്ചു.

∙ 2000 മുതൽ എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ പുതുക്കാ‍ത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ നവംബർ 30 വരെ പുതുക്കാം.കൂടുതൽ വായനയ്ക്ക്...

∙ 80 വയസ്സിനു മുകളിലുള്ളവർ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ ഹെഡ് പോസ്റ്റ് ഓഫിസിലെ ജീവൻ പ്രമാ‍ൺ സെന്ററുകളിൽ നേരിട്ടു സമർപ്പിക്കണം

English Summary: Major changes taking effect from October 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com