ADVERTISEMENT

തിരുവനന്തപുരം ∙ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ ജയിൽമോചിതനായി. കൊഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കേസിൽ മാപ്പു സാക്ഷിയാക്കിയ സന്ദീപിനു മറ്റു കേസുകളിൽ ജാമ്യം ലഭിച്ചിരുന്നു. കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി പുറത്തിറങ്ങിയ ശേഷം സന്ദീപ് മാധ്യമങ്ങളോടു പറഞ്ഞു.

ഉച്ചയ്ക്കുശേഷമാണു സന്ദീപ് നായർ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു പുറത്തിറങ്ങിയത്. സ്വർണക്കടത്ത് കേസിനു പുറമേ ഡോളർ കടത്ത് കേസിലും കള്ളപ്പണ കേസിലും, എൻഐഎ കേസിലും സന്ദീപിനു നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കസ്റ്റംസ് കേസിലും എൻഫോഴ്സ്മെന്റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് എൻഐഎ കേസിൽ മാപ്പു സാക്ഷിയായി. ഇതിനെല്ലാം പുറമേ ഒരു വർഷത്തോളം നീണ്ട കൊഫെപോസ തടവും അവസാനിച്ചതോടെയാണു ജയിൽ മോചിതനായത്.

കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നു പറഞ്ഞ സന്ദീപ് മുഖ്യമന്ത്രിയും കെ.ടി.ജലീലും മുൻ സ്പീക്കറുമടക്കമുള്ളവരുടെ പേര് വെളിപ്പെടുത്താൻ എൻഫോഴ്സ്മെന്റ് തന്നെ നിർബന്ധിപ്പിച്ചതായി പറഞ്ഞു. ബെംഗളൂരുവിലെത്തിയത് സ്വപ്നയെ സഹായിക്കാനായിരുന്നു. എം.ശിവശങ്കറുമായി ഒരു ബന്ധവുമില്ല. എല്ലാ കാര്യങ്ങളും കോടതിയെ ബോധിപ്പിക്കുമെന്നും പറഞ്ഞു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വപ്നയും സരിത്തും സന്ദീപുമടങ്ങുന്ന സംഘം യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വൻതോതിൽ സ്വർണം കടത്തിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. 30 കിലോഗ്രാം സ്വർണമാണു ഒരു പ്രാവശ്യം മാത്രം കടത്തിയത്. ഇത്തരത്തിൽ 21 പ്രാവശ്യം കടത്തി.

കൊഫെപോസ തള്ളിയെങ്കിലും ഇപ്പോഴും സ്വപ്ന സുരേഷ് ജയിലിൽ തന്നെയാണ്. എൻഐഎ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ജയിൽ മോചിതയാകൂ. സരിത്തിനെതിരായ കൊഫെപോസ നിലനിൽക്കുന്നതിനാൽ ഉടൻ പുറത്തിറങ്ങാൻ സാധിക്കില്ല. കോൺസുലേറ്റ് ഉദ്യോഗസ്ഥരെ എൻഐഎ കേസിൽ ഇതുവരെ പ്രതികളാക്കിയിട്ടില്ല.

English Summary: Sandeep Nair released from jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com