ADVERTISEMENT

കൊച്ചി∙ വ്യാജ പുരാവസ്തു, സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോൻസനെ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ശാസ്ത്രജ്ഞന്റെ പേരിൽ വ്യാജരേഖ നിർമിച്ച കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മറ്റു കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മോൻസനെ ജയിലിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇറിഡിയം ലോഹം സൂക്ഷിക്കാനുള്ള രേഖയാണു വ്യാജമായി മോൻസനുണ്ടാക്കിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ നിയമപ്രകാരം അടുത്തദിവസം തന്നെ മോൻസനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങും. മോൻസന്റെ കലൂരിലെ വീടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സൗന്ദര്യ ചികിത്സാ കേന്ദ്രത്തിൽ ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നു പീഡിപ്പിക്കപ്പെട്ട പെൺകുട്ടി മൊഴി നൽകി. പോക്സോ കേസിൽ നടത്തിയ മൊഴിയെടുപ്പിലാണു പെൺകുട്ടി  ഇക്കാര്യം അറിയിച്ചത്.

ബ്ലാക്മെയിൽ ചെയ്യുമെന്നു ഭയന്നിട്ടാണു മോൻസനെതിരെ പരാതി പറയാൻ കൂടുതൽ പേർ രംഗത്തു വരാത്തതെന്നും പെൺകുട്ടി പറഞ്ഞു. തിരുമ്മൽ കേന്ദ്രത്തിൽ നിന്നു മോൻസൻ റിക്കോർഡ് ചെയ്ത ദൃശ്യങ്ങളുടെ ശേഖരം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

പെൺകുട്ടിയെ മോൻസന്റെ വീട്ടിലെത്തിച്ചു ക്രൈംബ്രാഞ്ച് മൊഴികളുടെ നിജസ്ഥിതി പരിശോധിച്ചു. കംപ്യൂട്ടർ ഹാർഡ് ഡിസ്ക് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. സൈബർ ഫൊറൻസിക് വിഭാഗത്തിന്റെ സഹകരണത്തോടെയാണു തെളിവെടുപ്പു നടത്തിയത്.

പെൺകുട്ടിക്ക് 17 വയസ്സുള്ളപ്പോഴാണു മോൻസന്റെ ജീവനക്കാരിയായ മാതാവിനൊപ്പം കലൂരിലെ വീട്ടിലെത്തിയത്. രാഷ്ട്രീയക്കാരും ചലച്ചിത്രപ്രവർത്തകരും അടക്കമുള്ളവർ മോൻസന്റെ തിരുമ്മൽ കേന്ദ്രം സന്ദർശിച്ചിട്ടുണ്ടെന്നാണു പെൺകുട്ടിയുടെ മൊഴി.

മോൻസനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ ഗുണ്ട ഓം പ്രകാശിനെ കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഓം പ്രകാശിനെതിരെ മുളവുകാട് പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരെ ഒതുക്കാൻ മോൻസൻ ഇടപെട്ട സംഭവത്തിലാണു ഗുണ്ടയെ വിളിച്ചുവരുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ടു നഗരത്തിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും സംശയത്തിന്റെ നിഴലിലാണ്.

English Summary: Monson Mavunkal arrested in DRDO's fake document case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com