മഴക്കെടുതി: പശുവിനും എരുമയ്ക്കും ₨30,000, ആടിന് 3000, കോഴിക്ക് 200
Mail This Article
തിരുവനന്തപുരം ∙ മഴക്കെടുതിയിൽ പശു, എരുമ എന്നിവ ചത്തെങ്കിൽ ഒന്നിനു 30,000 രൂപ നിരക്കിൽ കർഷകർക്കു നഷ്ടപരിഹാരം നൽകാൻ മൃഗസംരക്ഷണ വകുപ്പു തീരുമാനിച്ചു. കിടാരിക്ക് 15,000 രൂപ, ആടിനു 3000 രൂപ, കോഴിക്ക് 200 രൂപ എന്നിങ്ങനെയും നൽകാൻ മന്ത്രി ജെ.ചിഞ്ചുറാണി നിർദേശിച്ചു. ദുരന്തനിവാരണ മാനദണ്ഡപ്രകാരം ഇതുവരെ ഒരു കോഴിക്ക് 50 രൂപയായിരുന്നു നഷ്ടപരിഹാരം. അതാണ് 200 ആക്കുന്നത്.
അപേക്ഷ നൽകണം
നഷ്ടപരിഹാരത്തിനായി പഞ്ചായത്ത് മൃഗാശുപത്രികളിലെ വെറ്ററിനറി സർജനെയോ ബ്ലോക്കിലെ ക്ഷീരവികസന ഓഫിസറെയോ ബന്ധപ്പെടണം. പ്രളയബാധിത പ്രദേശങ്ങളിൽ ഉള്ളവർക്ക് അപേക്ഷ നൽകാൻ സമയം നീട്ടിനൽകിയേക്കും.
2 കോടിയുടെ നാശം
മഴക്കെടുതിയിൽ മൃഗസംരക്ഷണ മേഖലയിൽ 2 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണു കണക്ക്. 114 ക്യാംപുകളിലായി 4009 ഉരുക്കൾ, 802 ആടുകൾ എന്നിവയുണ്ട്. ഇവയ്ക്കു തീറ്റ നൽകാൻ 10 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. പശുവിനു പ്രതിദിനം 70 രൂപയും ആടിനു 35 രൂപയുമാണു നീക്കിവച്ചിരിക്കുന്നത്.
English Summary: Rain havoc: Compensation for farmers