‘നന്നായി കൃഷി ചെയ്യാം സാർ...’; കൊറിയയിൽ കൃഷിപ്പണിക്ക് മലയാളികളുടെ തള്ളിക്കയറ്റം
Mail This Article
കൊച്ചി ∙ ദക്ഷിണ കൊറിയയിൽ കൃഷി ചെയ്യാൻ അവസരം തേടി മലയാളികളുടെ തള്ളിക്കയറ്റം! സംസ്ഥാന സർക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക് മുഖേന 100 ഒഴിവുകളിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പിനായി 2 ദിവസത്തിനിടെ അപേക്ഷിച്ചത് അയ്യായിരത്തോളം പേർ. തിരക്കുമൂലം ഒഡെപെക് വെബ്സൈറ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. അപേക്ഷകരുടെ എണ്ണം കൂടിയതിനാൽ പുതിയ അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവച്ചു.
ദക്ഷിണ കൊറിയയിൽ കൃഷി ജോലികളിലേക്ക് 22നാണ് ഒഡെപെക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്കാണ് അവസരമെന്നും ഒരു ലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുമെന്നുമുള്ള വിവരം മനോരമ പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഒഡെപെക്കിലെ ഫോണുകൾക്കും വിശ്രമമുണ്ടായില്ല. ‘നന്നായി കൃഷി ചെയ്തോളാം സാർ... കോവിഡ് കാരണം ജീവിതം വൻ പ്രതിസന്ധിയിലാണ്. പരിഗണിക്കണം’ എന്നു ഫോണിൽ ജോലി തേടിയവരും ഏറെ. എന്നാൽ, ഒഡെപെക് റിക്രൂട്ടിങ് ഏജൻസി മാത്രമാണെന്നും നിയമനം നൽകുന്നതു കൊറിയൻ ചേംബർ ഓഫ് കൊമേഴ്സ് ആണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കൊറിയയിലെ ജീവിത സാഹചര്യം, കൃഷിരീതി, ജീവിതച്ചെലവ്, സംസ്കാരം തുടങ്ങിയവയെല്ലാം സംബന്ധിച്ച് അപേക്ഷകരെ ബോധവൽക്കരിക്കാൻ നാളെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലും 29ന് എറണാകുളം ടൗൺഹാളിലും സെമിനാർ നടത്തും.
∙ ‘ഇതാദ്യമായാണ് ഒഡെപെക് ദക്ഷിണ കൊറിയയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. ആദ്യ ബാച്ചിന്റെ തിരഞ്ഞെടുപ്പു പൂർത്തിയാക്കിയാൽ, മറ്റു വിദേശരാജ്യങ്ങളിലെ കാർഷിക ജോലികളും മലയാളികളിലേക്കെത്തിക്കാൻ ഒഡെപെക് ശ്രമം നടത്തും.’ – കെ.എ.അനൂപ് (എംഡി, ഒഡെപെക്)
Content Highlight: ODEPC, Korean labour