വിശ്വാസ ദീപ്തിയിൽ പരുമല പള്ളിയിൽ റാസ; പെരുന്നാൾ സമാപനം ഇന്ന്
Mail This Article
പരുമല ∙ മഴയിലും അണയാത്ത വിശ്വാസ ദീപ്തിയിൽ പരുമല പെരുന്നാൾ റാസ. പരിശുദ്ധ പരുമല തിരുമേനിയുടെ 119–ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നലെ രാത്രിയിൽ നടന്ന റാസയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. മുത്തുക്കുടകളും പൊൻ, വെള്ളി കുരിശുകളും വഹിച്ച് പള്ളിയുടെ പടിഞ്ഞാറേ വാതിൽ വഴി പ്രദക്ഷിണം നീങ്ങി. കുര്യാക്കോസ് മാർ ക്ലിമ്മീസ് ധ്യാന സന്ദേശം നൽകി. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ കബറിങ്കൽ ധൂപപ്രാർഥന നടത്തി.
തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പൊലീത്തമാരായ കുര്യാക്കോസ് മാർ ക്ലിമ്മീസ്, സഖറിയാസ് മാർ അന്തോണിയോസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ് മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ജോസഫ് മാർ ദിവന്നാസിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ ദിമെത്രയോസ്, ഡോ. യൂഹാനോൻ മാർ തേവോദോറോസ്, ജോഷ്വാ മാർ നിക്കോദിമോസ്, സഖറിയാസ് മാർ അപ്രേം എന്നിവർ വിശ്വാസികൾക്ക് വാഴ്‌വ് നൽകി.
പെരുന്നാൾ ഇന്ന് സമാപിക്കും. 8.30ന് കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ കുർബാന, 10.30ന് ശ്ലൈഹിക വാഴ്‌വ്, 2ന് റാസ, 3ന് പെരുന്നാൾ കൊടിയിറങ്ങും.
English Summary: Feast at Parumala church