ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇന്നു മുതൽ സ്മാർട് കാർഡ് രൂപത്തിലേക്കു മാറുന്നു. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എടിഎം കാർഡുകളുടെ മാതൃകയിലും വലുപ്പത്തിലും പിവിസി റേഷൻ കാർഡ് ആയാണു രൂപമാറ്റം. 

പുതിയ കാർഡിൽ ക്യുആർ കോഡും ബാർ കോഡും ഉണ്ടാകും. പുസ്തക രൂപത്തിലോ ഇ-കാർഡ് രൂപത്തിലോ നിലവിലുള്ള റേഷൻ കാർഡുകളുടെ സാധുത ഇല്ലാതാകുന്നില്ലെന്നു ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അവ തുടർന്നും ഉപയോഗിക്കാം.

ആവശ്യമുള്ളവർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷിക്കണം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു 11ന് പ്രസ് ക്ലബ്ബിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. സ്മാർട് റേഷൻ കാർഡിനുള്ള അപേക്ഷകൾ ഓൺലൈനിലൂടെ മാത്രമേ സ്വീകരിക്കൂ. 

ഇതിനായി സർക്കാരിലേക്ക് അപേക്ഷാ ഫീസ് നൽകേണ്ട. അപേക്ഷകന്റെ മൊബൈൽ ഫോണിലേക്കു വരുന്ന രഹസ്യ പാസ്‌വേഡ് ഉപയോഗിച്ച് കാർഡ് പ്രിന്റ് ചെയ്തെടുക്കാം. സ്മാർട് റേഷൻ കാർഡ് അപേക്ഷ നൽകാനോ കാർഡ് വാങ്ങാനോ സപ്ലൈ ഓഫിസുകളിൽ പോകേണ്ട.

കോവിഡ് മരണ ധനസഹായം: വെബ്സൈറ്റ് സജ്ജം

തിരുവനന്തപുരം ∙ കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിനു സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായതായി ലാൻഡ് റവന്യു കമ്മിഷണർ കെ.ബിജു അറിയിച്ചു. relief.kerala.gov.in എന്നാണ് വെബ്സൈറ്റ് വിലാസം. കോവിഡ് ബാധിച്ചു മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്  (ഐസിഎംആറിൽ നിന്നു ലഭിച്ചത്), ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

മുതിർന്ന പൗരന്മാർക്ക് ഹെൽപ്‍ലൈൻ

തിരുവനന്തപുരം∙ മുതിർന്ന പൗരന്മാരുടെ പരാതികൾ പരിഹരിക്കുന്നതിനും ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനുമായി സർക്കാർ ഹെൽ‍പ് ലൈൻ ആരംഭിച്ചു. സാമൂഹ‍ിക നീതി വകുപ്പിനു ‍കീഴിൽ തിരുവനന്തപുരം ആസ്ഥാനമാക്കി‍യാണ് ഹെൽപ് ലൈൻ സജ്ജമാക്കിയത്. 14567 എന്ന ടോൾഫ്രീ നമ്പറിൽ രാവിലെ 8 മുതൽ രാത്രി 8 വരെ ബന്ധപ്പെടാം.

പൊലീസ്, ആരോഗ്യ വകുപ്പ്, ലീഗൽ സർവീസസ് അതോറിറ്റി, കുടുംബശ്രീ, തദ്ദേശഭരണ സ്ഥാപനങ്ങൾ, റവന്യു വകുപ്പ്, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഹെൽപ് ലൈൻ പ്രവർത്തിക്കുക. ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു.

English Summary: Smart ration card Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com