ADVERTISEMENT

ആലപ്പുഴ ∙ ജി.സുധാകരൻ എന്ന കേന്ദ്രബിന്ദുവിനു ചുറ്റുമായിരുന്നു 2 പതിറ്റാണ്ടായി ആലപ്പുഴയിൽ സിപിഎമ്മിന്റെ ചലനം. ആലപ്പുഴയിൽനിന്നു സംസ്ഥാന കമ്മിറ്റിയിലുള്ള ഏക രക്തസാക്ഷി കുടുംബാംഗം എന്നതു മാത്രമല്ല, അഴിമതിക്കറ പുരളാത്ത പ്രതിഛായയും സുധാകരനെ ജനകീയനാക്കി.

സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോഴാണ് ജി.സുധാകരൻ കമ്യൂണിസ്റ്റ് പാർട്ടിയോട് അടുക്കുന്നത്. 1967 ൽ, രണ്ടാം ഇഎംഎസ് മന്ത്രിസഭ അധികാരമേൽക്കുന്ന കാലത്തു പാർട്ടി അംഗമായി. എസ്എഫ്ഐയുടെ പൂർവ രൂപമായ കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ (കെഎസ്എഫ്) സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം എസ്എഫ്ഐ രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യ സംസ്ഥാന പ്രസിഡന്റുമായി. അടിയന്തരാവസ്ഥയ്ക്കെതിരായ സമരങ്ങളിൽ പങ്കെടുത്തു ജയിലിൽ കഴിഞ്ഞു.

പന്തളം എൻഎസ്എസ് കോളജിലുണ്ടായ വിദ്യാർഥി സംഘർഷത്തിനിടയിൽ 1977 ഡിസംബർ 7നു സുധാകരന്റെ സഹോദരൻ ഭുവനേശ്വരൻ രക്തസാക്ഷിയായി. പാർട്ടിക്കു വേണ്ടിയായി ജി.സുധാകരന്റെ പിന്നീടുള്ള ജീവിതം. സിഐടിയുവിലും സജീവമായി പ്രവർത്തിച്ചു. 1982 ൽ കുട്ടനാട്ടിൽനിന്ന് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട സുധാകരൻ പരാജയപ്പെട്ടെങ്കിലും 1990 ലെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് ആലപ്പുഴ ജില്ലാ കൗൺസിൽ പ്രസിഡന്റായി. 1996 ൽ കായംകുളത്തുനിന്നു നിയമസഭയിലെത്തി. 2001 ൽ കായംകുളത്തു പരാജയപ്പെട്ടു. 2006 മുതൽ 2021 വരെ അമ്പലപ്പുഴ എംഎൽഎയായി.

2006 ൽ വിഎസ് മന്ത്രിസഭയിൽ ദേവസ്വം, സഹകരണം, കയർ വകുപ്പുകളുടെയും 2016 ൽ പിണറായി മന്ത്രിസഭയിൽ പൊതുമരാമത്ത്, റജിസ്ട്രേഷൻ വകുപ്പുകളുടെയും മന്ത്രിയായി. മികച്ച മന്ത്രിയെന്ന പേരോടെ ജനങ്ങൾക്കിടയിൽ സ്വീകാര്യനായി. 

അതേസമയം, പ്രസംഗങ്ങളിലും മറ്റുമുള്ള ചില പദപ്രയോഗങ്ങൾ വിവാദമാകുകയും ചെയ്തു. ദേവസ്വം മന്ത്രിയായിരിക്കെ പൂജാരിമാർക്കെതിരെയും പൊതുമരാമത്തു മന്ത്രിയായിരിക്കെ കരാറുകാർക്കെതിരെയും നടത്തിയ ചില പരാമർശങ്ങൾ വലിയ ചർച്ചയായി.

തെറ്റു സംഭവിച്ചിട്ടില്ലെന്ന് സുധാകരൻ

തന്റെ ഭാഗത്തുനിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ലെന്നും എച്ച്.സലാം നൽകിയ പരാതി വസ്തുതാവിരുദ്ധമാണെന്നുമാണ് സിപിഎം സംസ്ഥാനകമ്മിറ്റി യോഗത്തിൽ ജി. സുധാകരൻ വാദിച്ചത്. സലാം വിജയിച്ച കാര്യവും ചൂണ്ടിക്കാട്ടി.

English Summary: CPM to publicly censure party leader G Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com