ADVERTISEMENT

തിരുവനന്തപുരം ∙ വിവാഹിതരാകാൻ ഉദ്ദേശിക്കുന്നവർ അതതു പ്രദേശത്തെ വിവാഹ ഓഫിസർക്കു സത്യപ്രസ്താവന നൽകണമെന്നതുൾപ്പെടെ നിർദേശങ്ങളുമായി സംസ്ഥാനത്തു ക്രിസ്ത്യൻ വിവാഹങ്ങൾ റജിസ്റ്റർ ചെയ്യാനുള്ള ഏകീകൃത നിയമത്തിന്റെ കരട് ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മിഷൻ സർക്കാരിനു സമർപ്പിച്ചു. ‘കേരള ക്രിസ്ത്യൻ മാര്യേജ് റജിസ്ട്രേഷൻ ബിൽ’ എന്നാണു പേര്. സർക്കാർ ആവശ്യപ്പെട്ടതു പ്രകാരമാണു കമ്മിഷൻ കരടു ബിൽ തയാറാക്കിയത്.

ക്രിസ്ത്യൻ സഭകൾ നിശ്ചയിക്കുന്നവരാകും വിവാഹ ഓഫിസർ. അതായത്, വൈദികരുടെ കാർമികത്വത്തിലാകും വിവാഹം എന്നാണു ബിൽ ഉദ്ദേശിക്കുന്നത്. സത്യപ്രസ്താവന ഉൾപ്പെടെ വിവാഹ ഓഫിസർ നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിക്കും. എതിർപ്പുള്ളവർ 7 ദിവസത്തിനകം അറിയിക്കണം. മതിയായ കാരണമുണ്ടെങ്കിൽ കൂടുതൽ സമയം എടുക്കാം. പരാതി ശരിയെങ്കിൽ വിവാഹം നടത്തിക്കൊടുക്കരുത്. ഇക്കാര്യത്തിൽ വിവാഹ ഓഫിസറുടെ തീരുമാനം അന്തിമമാകും. ഇരുകൂട്ടരും ആവശ്യപ്പെടുന്ന സൗകര്യപ്രദമായ സ്ഥലത്തും സമയത്തും വിവാഹ ഓഫിസർ വിവാഹച്ചടങ്ങു നടത്തണം. മറ്റൊരു ഓഫിസറുടെ കീഴിലാണു വിവാഹത്തിനു സൗകര്യമെങ്കിൽ അപേക്ഷ അങ്ങോട്ടു മാറ്റാം.

ഈ നിയമപ്രകാരം നടത്തുന്ന എല്ലാ വിവാഹങ്ങളും നിർബന്ധമായും റജിസ്റ്റർ ചെയ്യണം. തദ്ദേശസ്ഥാപന സെക്രട്ടറിയാണു വിവാഹ റജിസ്ട്രാർ. ഇദ്ദേഹം ക്രിസ്ത്യൻ വിവാഹങ്ങൾക്കു മാത്രമായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കും. വിവാഹ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവാഹം കഴിഞ്ഞു 2 മാസത്തിനകം റജിസ്ട്രാർക്ക് അപേക്ഷ നൽകി വേണം റജിസ്റ്റർ ചെയ്യാൻ.

വിവാഹ റജിസ്റ്ററിൽ വധുവും വരനും രണ്ടു സാക്ഷികളും ഒപ്പിടണം. അപേക്ഷിക്കാൻ വൈകിയാൽ കാരണം ബോധിപ്പിക്കണം. അധികാരപ്പെടുത്താത്തവർ ഈ നിയമപ്രകാരമുള്ള വിവാഹം നടത്തിക്കൊടുക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്താൽ 3 വർഷം വരെ തടവും 10000 രൂപ വരെ പിഴയുമാണ് ശിക്ഷ. ഈ നിയമം നിലവിൽ വരുന്നതിനു മുൻപു നടന്ന വിവാഹങ്ങൾ നിശ്ചിത ഫീസ് ഈടാക്കി ഒരു വർഷത്തിനകം റജിസ്റ്റർ ചെയ്യണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വിദേശത്തു സാധുവായ ‌വിവാഹ സർട്ടിഫിക്കറ്റ്

സംസ്ഥാനത്തു ക്രിസ്ത്യൻ വിവാഹങ്ങളുടെ റജിസ്ട്രേഷനു പൊതു നിയമമില്ല. 1075ലെ ക്രിസ്ത്യൻ സിവിൽ വിവാഹ നിയമം പഴയ കൊച്ചി സംസ്ഥാനത്തും 1872ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം മലബാർ പ്രദേശത്തുമാണു ബാധകം. പഴയ തിരുവിതാംകൂർ പ്രദേശത്തു നിയമം നിലവിലില്ല. 

നിയമാനുസൃത അതോറിറ്റി നൽകുന്ന സാധുവായ വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്തതു വിദേശങ്ങളിൽ കുടിയേറുകയും തൊഴിൽ തേടുകയും ചെയ്യുമ്പോൾ തടസ്സമാകുന്നതായി കരടു നിയമം തയാറാക്കാൻ കാരണമായതായി കമ്മിഷൻ റിപ്പോർട്ടിൽ‌ വ്യക്തമാക്കി. 

ക്രിസ്ത്യൻ വിവാഹങ്ങൾ ഇപ്പോൾ റജിസ്റ്റർ ചെയ്യുന്നത് 2008 ലെ വിവാഹ റജിസ്ട്രേഷനുള്ള പൊതുചട്ടങ്ങൾ അനുസരിച്ചാണ്. ഇതിനു നിയമത്തിന്റെ അടിസ്ഥാനമില്ല. സർക്കാരിന്റെ നയതീരുമാനം മാത്രമേയുള്ളു. 

English Summary: Christian marriage registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com