ആഹ്ലാദം നിറച്ച് ആദ്യ ശനി
Mail This Article
ശബരിമല∙ വൃശ്ചികത്തിലെ ആദ്യ ശനി വെള്ളപ്പൊക്കഭീഷണി മൂലമുണ്ടായ അനിശ്ചിതത്വം ഒഴിവായതിലുള്ള ആഹ്ലാദത്താൽ നിറഞ്ഞു. രാത്രി പ്രഖ്യാപിച്ച യാത്രാനിരോധനം മഴ മാറിയതോടെ രാവിലെത്തന്നെ പിൻവലിച്ചത് തീർഥാടകർക്ക് ആശ്വാസമായി. ഇടയ്ക്കുണ്ടായ തടസ്സം മൂലം രാവിലെ ദർശനത്തിനു തിരക്ക് അനുഭവപ്പെട്ടു. ഈ തീർഥാടനകാലത്ത് ഇതാദ്യമായി പതിനെട്ടാംപടി കയറിയ ഉടൻ ശ്രീകോവിലിന്റെ ഭാഗത്തേക്കു കടത്തിവിടാതെ മേൽപാലം ഉപയോഗിക്കേണ്ടിവന്നു.
വെർച്വൽ ക്യൂവിൽ ഇന്നലെ 19,987 പേർ ബുക്ക് ചെയ്തിരുന്നെങ്കിലും പകുതിയോളം പേരേ എത്തിയുള്ളൂ. എത്താൻ കഴിയാത്തവർക്ക് സ്പോട് ബുക്കിങ് വഴി ഇനിയുള്ള ദിവസങ്ങളിൽ ദർശനം നടത്താം. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്നലെ പടിപൂജ നടന്നു.
അനിശ്ചിതത്വത്തിന്റെ ഒരു രാത്രി
പമ്പയിലെ ജലനിരപ്പ് അപ്രതീക്ഷിതമായി കുതിച്ചുയർന്നത് ഒരു രാത്രി മുഴുവൻ അനിശ്ചിതത്വം നിറച്ചു. ഇന്നലെ പുലർച്ചെ ദർശനം ലക്ഷ്യമാക്കി എത്തിയ ആയിരക്കണക്കിനു തീർഥാടകരാണ് അർധരാത്രി നിലയ്ക്കൽ ബേസ് ക്യാംപിൽ കുടുങ്ങിയത്.
പൊലീസ് കൺട്രോൾ റൂമിനു മുൻപിൽ തടിച്ചുകൂടിയവർക്ക് കനത്ത മഴയിൽ കയറിനിൽക്കാൻ പോലും ഇടമില്ലാതായി. പിന്നീട് നിലയ്ക്കലിലേക്ക് എത്തിയ വാഹനങ്ങൾ ഭക്ഷണം കിട്ടാൻ സൗകര്യമുള്ള നാറാണംതോട്, തുലാപ്പള്ളി, ളാഹ എന്നിവിടങ്ങളിൽ പൊലീസ് നിർദേശപ്രകാരം നിർത്തിയിട്ടു.
രാവിലെ മഴ മാറി വെയിലു തെളിഞ്ഞതോടെ നിയന്ത്രണത്തിൽ ഇളവുവരുത്തി കലക്ടർ ഉത്തരവിറക്കി. രാവിലെ എട്ടരയോടെയാണ് ആശ്വാസവാർത്ത എത്തിയത്. പത്തരയോടെ ആദ്യ സംഘം ദർശനം നടത്തി.
ശബരിമലയിൽ ഇന്ന്
നട തുറക്കൽ 4.00
അഭിഷേകം 5.00 മുതൽ 7.00 വരെ മാത്രം
ഉദയാസ്തമനപൂജ 8.00
കളഭാഭിഷേകം 11.30
ഉച്ചയ്ക്ക് നട അടയ്ക്കൽ 1.00
വൈകിട്ട് നട തുറക്കൽ 4.00
പടിപൂജ 7.00
ഹരിവരാസനം 9.50
നട അടയ്ക്കൽ 10.00
English Summary: Sabarimala pilgrimage