പച്ചക്കറി വിലക്കയറ്റം തടയാൻ നടപടി തുടങ്ങി
Mail This Article
തിരുവനന്തപുരം ∙ പച്ചക്കറി വിലയിലുണ്ടായ അനിയന്ത്രിത വിലക്കയറ്റം തടയുന്നതിന് സർക്കാർ നടപടി തുടങ്ങി. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നു കൃഷി വകുപ്പ് നേരിട്ടു ശേഖരിക്കുന്ന പച്ചക്കറിയുടെ ആദ്യ ലോഡ് ഇന്നലെ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ എത്തി. ആദ്യ ദിനം 41ടൺ പച്ചക്കറിയാണ് എത്തിച്ചത്.
ഇവ മറ്റു ജില്ലകളിലെ ഹോർട്ടികോർപ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ(വിഎഫ്പിസികെ) വിൽപനശാലകളിലേക്ക് കൈമാറി. പൊതുവിപണിയെക്കാൾ 10 മുതൽ 40 രൂപ വരെ കുറച്ചാണ് ഹോർട്ടികോർപ്, വിഎഫ്പിസികെ വിൽപനശാലകൾ വഴി വിൽക്കുക.
തക്കാളി വില കുതിക്കുന്ന സാഹചര്യത്തിൽ, തമിഴ്നാട്ടിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ ആദ്യ ലോഡിൽ കൂടുതലും തക്കാളിയായിരുന്നു. പൊതുവിപണിയെക്കാൾ 40 രൂപ കുറച്ച്, കിലോയ്ക്ക് 80 രൂപയ്ക്ക് വിൽക്കാനാണ് തീരുമാനം. 10 ലോഡ് സവാളയായിരുന്നു. പൊതുവിപണിയിൽ നിന്നു 15 രൂപ കുറച്ചാണ് സവാള വിൽക്കുക. വെണ്ടയ്ക്ക 27 രൂപയും, ബീൻസ് 25 രൂപയും കുറച്ചു വിൽക്കും. മറ്റു പച്ചക്കറികളും ഇതേ നിരക്കിൽ വില കുറച്ച് വിൽക്കും.
Content Highlight: Vegetable price hike