യുവാവിന് ക്രൂരമർദനം: പ്രതിയെ സഹായിച്ച എസ്ഐക്ക് സസ്പെൻഷൻ
Mail This Article
പോത്തൻകോട് (തിരുവനന്തപുരം) ∙ നടുറോഡിൽ ക്രൂര മർദനത്തിന് ഇരയായ യുവാവിന്റെ പരാതി സ്വീകരിക്കാൻ വിസമ്മതിക്കുകയും ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ സ്റ്റേഷൻ ജാമ്യം നൽകി വിടുകയും ചെയ്ത സംഭവത്തിൽ മംഗലപുരം എസ്ഐ വി. തുളസീധരൻ നായർക്കു സസ്പെൻഷൻ. മാധ്യമ വാർത്തകളെ തുടർന്ന് സംഭവം വിവാദമായതോടെ ഡിഐജി സഞ്ജയ്കുമാർ ഗുരുഡിൻ സ്റ്റേഷനിലെത്തി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
ഞായർ രാത്രി പുത്തൻതോപ്പ് ചിറയ്ക്കൽ ആസിയ മൻസിലിൽ എച്ച്.അനസ് (25) ആണ് കണിയാപുരം തെക്കതിൽക്കടയ്ക്കു സമീപം വെട്ടുകാട്ടുവിള വീട്ടിൽ ഫൈസലി(32)ലിന്റെ മർദനത്തിന് ഇരയായത്. ബൈക്കിന്റെ താക്കോൽ ഊരിയെറിഞ്ഞ ശേഷം ഫൈസലും ഒപ്പമുണ്ടായിരുന്ന 2 പേരും കൂടി അനസിനെ 15 മിനിറ്റ് മർദിച്ചു. തലയ്ക്കും മുഖത്തും സാരമായ പരുക്കേറ്റ അനസിനെ നാട്ടുകാരാണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.
എന്നാൽ, എസ്ഐ വി. തുളസീധരൻ നായർ അനസിന്റേത് അപകടത്തിൽ സംഭവിച്ച പരുക്കാണെന്നു പറഞ്ഞ് കേസെടുക്കാതെയും പ്രതി ഫൈസലിനെ ജാമ്യത്തിലും വിട്ടയയ്ക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്ഐയുടെ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. പ്രതിയായ ഫൈസലിന് പിന്നീട് നാട്ടുകാരിൽ നിന്നു മർദനമേറ്റതിനു കാരണം എസ്ഐയുടെ വീഴ്ചയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
English Summary: SI suspended for helping accused