മമ്പറം ദിവാകരനെ പുറത്താക്കി കോൺഗ്രസ്
Mail This Article
കണ്ണൂർ ∙ മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി അംഗവുമായ മമ്പറം ദിവാകരനെ പാർട്ടിയിൽനിന്നു പുറത്താക്കി. തലശ്ശേരിയിൽ കോൺഗ്രസ് ഭരിക്കുന്ന ഇന്ദിരാഗാന്ധി ആശുപത്രി സഹകരണ സംഘം തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള ബദൽ പാനൽ മത്സരിക്കുന്നത് അച്ചടക്കലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു കെപിസിസിയുടെ നടപടി.
നിലവിൽ ആശുപത്രി സഹകരണ സംഘത്തിന്റെ പ്രസിഡന്റാണു ദിവാകരൻ. ബദൽ പാനലിലുള്ള മുൻ ഡിസിസി സെക്രട്ടറി ഇ.ജി.ശാന്തയെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തതായും ഈ പാനലിനു വേണ്ടി പ്രവർത്തിച്ച മമ്പറം മണ്ഡലം പ്രസിഡന്റ് കെ.കെ.പ്രസാദിനെ തൽസ്ഥാനത്തുനിന്നു നീക്കം ചെയ്തതായും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.
കെ.കരുണാകരൻ ചാരിറ്റിബിൾ ട്രസ്റ്റിന്റെ പണപ്പിരിവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ മുൻപ് മമ്പറം ദിവാകരൻ ആരോപണം ഉന്നയിച്ചിരുന്നു. കെപിസിസി നിർവാഹക സമിതി അംഗമായിരുന്ന ദിവാകരൻ 2 തവണ ധർമടം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
English Summary: Congress leader Mambaram Divakaran expelled from party