ADVERTISEMENT

പാലക്കാട് ∙ അട്ടപ്പാടി ശിശുമരണങ്ങളിലെ നടപടികൾ മന്ത്രിമാരുടെ സന്ദർശനത്തിലും വകുപ്പുകളുടെ പഴിചാരലിലും ഒതുങ്ങുന്നു. അടിയന്തരമായി നടപ്പാക്കേണ്ട ഒട്ടേറെ പ്രഖ്യാപനങ്ങൾ മന്ത്രിമാർ നടത്തിയെങ്കിലും ഒരു നടപടി പോലും ആരംഭിച്ചില്ല. ട്രൈബൽ ഹെൽത്ത് നോഡൽ ഓഫിസർ ഡോ.ആർ. പ്രഭുദാസിനെ ഒഴിവാക്കി ആരോഗ്യമന്ത്രി നടത്തിയ അട്ടപ്പാടി സന്ദർശനം വിവാദത്തിനു വഴിതുറക്കുകയും ചെയ്തു.

ശിശുമരണങ്ങളുടെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ, നവംബർ 27ന് അട്ടപ്പാടി സന്ദർശിച്ച മന്ത്രി കെ. രാധാകൃഷ്ണൻ, അട്ടപ്പാടിക്കായി കർമപദ്ധതി തയാറാക്കുമെന്നും സ്പെഷൽ ഓഫിസറെ നിയമിക്കുമെന്നും പറഞ്ഞെങ്കിലും ഇതുവരെ നടപടിയൊന്നും ആയില്ല. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും പഞ്ചായത്തുകളുടെ വീഴ്ചയുമായിരുന്നു മന്ത്രി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. പല പദ്ധതികളും പാതിവഴിയിൽ മുടങ്ങിയതിനെ മന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. സിപിഎം തന്നെയാണ് അട്ടപ്പാടി മേഖലയിലെ മൂന്നു പഞ്ചായത്തുകളും ഭരിക്കുന്നത്.

അതേസമയം, ഏറെ ഗുണകരമാകേണ്ട ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം അനാവശ്യ വിവാദത്തിലൊതുങ്ങി. നോഡൽ ഓഫിസർ ഡോ. പ്രഭുദാസിനെ ചർച്ചയ്ക്കായി തിരുവനന്തപുരത്തേക്കു വിളിപ്പിച്ച ശേഷമാണു മന്ത്രി സന്ദർശനം നടത്തിയത്. ഇതിനെതിരെ ഡോ. പ്രഭുദാസ് രംഗത്തെത്തി. പ്രഭുദാസിനും മന്ത്രിക്കും അനുകൂലമായി വാദഗതികൾ ഉയർന്നു.

പ്രശ്നപരിഹാര നടപടികൾക്കു പകരം കോട്ടത്തറ ആശുപത്രിയുമായി ബന്ധപ്പെട്ടു കേൾക്കുന്നതു മുൻപു നടന്ന പദ്ധതികളിലെ അഴിമതികൾ സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങളാണ്. 

ആശുപത്രിയിലേക്കു പാസായി വരുന്ന ഫണ്ടുകൾ വിട്ടുകിട്ടാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ ചിലർ കൈക്കൂലി ആവശ്യപ്പെടുന്നതായി പ്രഭുദാസ് ആരോപിച്ചതോടെ സിപിഎമ്മും പ്രതിരോധത്തിലായി.

English Summary: Attappadi children death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com