വിങ്ങിപ്പൊട്ടി അമ്മ; അച്ഛന് അറിഞ്ഞില്ല ഇന്നലെയും: രാധാകൃഷ്ണന് വെന്റിലേറ്ററിൽ
Mail This Article
പുത്തൂർ (തൃശൂർ) ∙ മകൻ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വിവരം രണ്ടാം ദിവസവും അച്ഛനെ അറിയിക്കാനാവാതെ വിങ്ങിപ്പൊട്ടുകയാണ് പ്രദീപിന്റെ അമ്മയും ബന്ധുക്കളും. ഗുരുതര ശ്വാസകോശ രോഗത്തെത്തുടർന്ന് വെന്റിലേറ്റർ കിടക്കയിലാണു രാധാകൃഷ്ണൻ. മകൻ മരിച്ചെന്നു മനസ്സിലാക്കിയപ്പോൾ രാധാകൃഷ്ണനോടു മകന്റെ മരണവിവരം ഉടൻ പറയേണ്ടതില്ലെന്നു നിർദേശിച്ചത് അമ്മ കുമാരിയാണ്.
ജൂനിയർ വാറന്റ് ഓഫിസർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ എ. പ്രദീപ് കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വാർത്ത അറിഞ്ഞതോടെ ഓടിയെത്തിയ സുഹൃത്തുക്കളും നാട്ടുകാരും വീടിനകത്തു കയറാതെ മടങ്ങുകയായിരുന്നു. വീടിന്റെ സ്വീകരണമുറിയിലാണു രാധാകൃഷ്ണനെ കിടത്തിയിരിക്കുന്നത്. ഇന്നലെയും രാധാകൃഷ്ണനെ വിവരം അറിയിക്കാൻ ആർക്കും ധൈര്യം വന്നില്ല. വീട്ടിൽ വന്നവരിൽ പലരും അകത്തു കയറാതെ മടങ്ങിയത് ആ വേദന കാണാൻ വയ്യാത്തതിനാലാണ്.
ഇളയമകൻ പ്രസാദിനെ വീട്ടിൽ കാണാത്തതിനെത്തുടർന്ന് രാധാകൃഷ്ണൻ ഇടയ്ക്കിടെ തിരക്കുന്നുണ്ടായിരുന്നു. അച്ഛനു സമയാസമയം മരുന്നു നൽകുന്നതും മറ്റും പ്രസാദ് ആയിരുന്നു. ചേട്ടന്റെ മരണ വിവരം അറിഞ്ഞ ബുധനാഴ്ച രാത്രി കോയമ്പത്തൂരിലേക്കു പോയതാണു പ്രസാദ്. അവിടത്തെ നടപടിക്രമങ്ങൾക്കു ശേഷം പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയെയും രണ്ടു മക്കളെയും കൂട്ടി പ്രസാദ് ഇന്നലെ രാത്രി ഒൻപതു മണിയോടെ പൊന്നൂക്കരയിലെ വീട്ടിലെത്തി.