ADVERTISEMENT

മലപ്പുറം ∙ വഖഫ് ബോർഡ് നിയമനം പിഎസ്‍സിക്കു വിടാനുള്ള തീരുമാനത്തിൽനിന്നു സർക്കാർ പിന്നോട്ടു പോയതിൽ മുസ്‌ലിം ലീഗിന് ആഘോഷത്തിനുള്ള വകയുണ്ടായിരുന്നു. സർക്കാരിനെതിരെ ഉയർന്ന ശബ്ദങ്ങളെ ഏകോപിപ്പിച്ചു ശക്തി പകർന്നത് ലീഗിന്റെ ഇടപെടലാണ്. എന്നാൽ, തീരുമാനം വന്ന രീതി ലീഗ് ഉദ്ദേശിച്ച തരത്തിലായിരുന്നില്ല. നിയമസഭ പാസാക്കിയ നിയമം അവിടെത്തന്നെ പിൻവലിക്കണമെന്ന കടുത്ത നിലപാടിലേക്കു ലീഗ് മാറിയത് അതുകൊണ്ടാണ്.

നിലപാടിൽനിന്നു പിന്നോട്ടുപോയെന്ന ആരോപണമുയർന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്്ട്രീയ തന്ത്രത്തിനാണു വഖഫ് വിഷയത്തിലെ ആദ്യറൗണ്ടിൽ വിജയം. അതു മറികടക്കുകകൂടി ലക്ഷ്യമിട്ടാണ് ഇന്ന് കോഴിക്കോട്ടു നടക്കുന്ന വഖഫ് സംരക്ഷണ സമ്മേളനമുൾപ്പെടെയുള്ള ലീഗ് പ്രതിഷേധങ്ങൾ. സമസ്തയുൾപ്പെടെ സമുദായ സംഘടനാ പ്രതിനിധികൾക്ക് ഇന്നത്തെ പരിപാടിയിലേക്കു ക്ഷണമില്ല.

സമസ്തയുടെ നേതാക്കളിലും പ്രവർത്തകരിലും മഹാഭൂരിഭാഗം മുസ്‌ലിം ലീഗ് അനുഭാവികളാണ്. പാണക്കാട് തങ്ങൾ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള വിശ്വാസമാണു സമസ്തയെയും ലീഗിനെയും യോജിപ്പിക്കുന്ന മറ്റൊരു ഘടകം. വഖഫ് വിഷയത്തിൽ സമസ്ത നേതൃത്വം വേറിട്ട നിലപാടു സ്വീകരിക്കുമ്പോൾ ലീഗിന് തിരിച്ചടിയാകുന്നതും അതുകൊണ്ടാണ്. മുസ്‌ലിം ലീഗിന്റെ അമിത ഇടപെടലിനോട് എതിർപ്പുള്ള നേതാക്കൾ നേരത്തേ തന്നെ സമസ്തയിലുണ്ട്. എന്നാൽ, ലീഗിനെ തീർത്തും പ്രതിരോധത്തിലാക്കുന്ന രീതിയിലൊരു നീക്കം സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് സമീപ ചരിത്രത്തിൽ ഇതാദ്യം.

ലീഗും സമസ്തയും തമ്മിലുള്ള നിലവിലെ ആശയക്കുഴപ്പം പരിഹരിക്കാനായി ഇരുഭാഗത്തു നിന്നും ശ്രമം തുടങ്ങിയിട്ടുണ്ട്. വഖഫ് വിഷയത്തിൽ ലീഗുമായി അകന്നുവെന്ന പ്രതീതിയുണ്ടാകരുതെന്ന വികാരം ഇന്നലെ നടന്ന സമസ്ത ഏകോപന സമിതി യോഗത്തിലുണ്ടായി. 

ലീഗുമായി അകൽച്ചയില്ലെന്നും അടുപ്പം കൂടുകയാണു ചെയ്തതെന്നും യോഗത്തിനു ശേഷം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറയുകയും ചെയ്തു. ഇന്നത്തെ വഫഖ് സംരക്ഷണ റാലി സമസ്തയുടെ നിലപാടിനെതിരായ ശക്തിപ്രകടനമാണെന്ന രീതിയിലേക്കു വരാതിരിക്കാൻ ലീഗ് നേതൃത്വവും ശ്രദ്ധിക്കുന്നുണ്ട്.

രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സിപിഎം

വഖഫ് വിഷയത്തിൽ ലീഗിനെ മാറ്റിനിർത്തി സമസ്തയുമായി നേരിട്ടു ബന്ധമെന്ന സിപിഎം തന്ത്രം വിജയിച്ചെങ്കിലും അതു രാഷ്ട്രീയ നേട്ടത്തിലെത്തിക്കുകയെന്നത് എളുപ്പമല്ലെന്നാണു വിലയിരുത്തൽ. മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷം സുന്നി ആശയക്കാരാണ്. ഇതിൽ കാന്തപുരം വിഭാഗം ഇടതുപക്ഷത്തോടു സഹകരിക്കുന്നതിൽ പ്രശ്നമില്ലാത്തവരാണ്. സമസ്തയിലെ ഒരു വിഭാഗമെങ്കിലും ഈ നിലപാടിലേക്കു മാറിയാൽ മലബാർ രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും. സിപിഎമ്മിന്റെ വഖഫ് നയതന്ത്രംകൊണ്ടു മാത്രം പക്ഷേ, അങ്ങനെയൊരു മാറ്റമുണ്ടാകില്ല.

English Summary: Waqf board row Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com