സൈജുവിനൊപ്പം നിശാപാർട്ടികളിൽ സ്ഥിരമായി യുവതിയും; ഇടപാടുകളിലും പങ്കാളി?
Mail This Article
കൊച്ചി∙ മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചനുമായി അടുപ്പമുണ്ടായിരുന്ന യുവതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കോഴിക്കോട്ടെ രഹസ്യ താവളത്തിൽനിന്ന് പൊലീസ് പിടിയിലായ യുവതി മോഡലുകൾ പങ്കെടുത്ത നിശാപാർട്ടി നടന്ന ഒക്ടോബർ 31നു രാത്രി ഫോർട് കൊച്ചി നമ്പർ 18 ഹോട്ടലിലുണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഹോട്ടൽ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി ഇടപാടുകളിൽ യുവതിക്കും പങ്കാളിത്തമുണ്ടെന്നാണു പൊലീസിന്റെ നിഗമനം.
സൈജുവിനൊപ്പം നിശാപാർട്ടികളിൽ സ്ഥിരമായി പങ്കെടുത്തിരുന്ന യുവതി, ലഹരിമരുന്ന് ഇടപാടുകൾക്കു വേണ്ടി സൈജുവിനു 10 ലക്ഷം രൂപ നൽകിയ മുംബൈ മലയാളി വനിതയ്ക്കൊപ്പം താമസം തുടങ്ങിയതോടെ സൈജുവിൽനിന്ന് അകന്നുവെങ്കിലും ലഹരിമരുന്ന് ഇടപാടുകൾ തുടർന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്.
10 ലക്ഷം രൂപ തിരികെ ലഭിക്കാതായപ്പോൾ സൈജുവിനെതിരെ വഞ്ചനാക്കുറ്റത്തിനു പരാതി നൽകി മുംബൈ സ്വദേശിനി കൊച്ചി വിട്ടിരുന്നു. എന്നാൽ, നമ്പർ 18 ഹോട്ടലിൽ ഷൂട്ട് ചെയ്ത സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് സൈജു അവരെ ഭീഷണിപ്പെടുത്തി പരാതിയിൽനിന്നു പിന്മാറ്റിയെന്നു പൊലീസ് പറയുന്നു.
English Summary: Models accident death case investigation