ടെൻഷനില്ലാതെ 5 മണിക്കൂറിൽ എട്ടര ലക്ഷം രൂപ കലക്‌ഷൻ; ഫിറോസ് ഇനി ‘ഹൈടെൻഷൻ’
Mail This Article
ആലപ്പുഴ ∙ അഞ്ചു മണിക്കൂറിൽ എട്ടര ലക്ഷം രൂപ ബിൽ കലക്‌ഷനെടുത്തപ്പോൾ ഫിറോസ് ഖാൻ വൈദ്യുതി വേണ്ടാത്തൊരു നോട്ടെണ്ണൽ യന്ത്രമായിരുന്നു. ടെൻഷനില്ലാതെ ജോലി ചെയ്ത ഫിറോസിലെ ഹീറോയെ തിരിച്ചറിഞ്ഞ് കെഎസ്ഇബി ഹൈടെൻഷൻ ലൈനിന് പേരിട്ടു – ഫിറോസ് ഖാൻ ലൈൻ എ.ബി. കേരളത്തിൽ ആദ്യമായാണ് ഒരു ജീവനക്കാരന്റെ പേര് കെഎസ്ഇബി ഒരു വൈദ്യുതി ലൈനിനു നൽകുന്നത്.
ആലപ്പുഴ സൗത്ത് ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസിലെ കാഷ്യർ ആലപ്പുഴ ലജ്നത്ത് വാർഡ് ഫിറോസ് മൻസിലിൽ എസ്.കെ ഫിറോസ് ഖാൻ കഴിഞ്ഞ ഒക്ടോബർ 18 ന് ആണ് റെക്കോർഡ് കലക്‌ഷൻ എടുത്ത് കെഎസ്ഇബിയെ ഞെട്ടിച്ചത്. 5 മണിക്കൂർ കൊണ്ട് 437 ബില്ലുകളിൽ നിന്ന് 8,51,080 രൂപയാണ് ഫിറോസ് ഖാൻ വരവുവച്ചത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായമില്ലാതെ, അത്രയും സമയം ഓഫിസിൽ ബില്ല് അടയ്ക്കാനെത്തിയവരുടെ പരാതികൾ കേട്ടും സംശയങ്ങൾക്കു മറുപടി പറഞ്ഞും കൃത്യമായി ജോലി ചെയ്താണ് ഫിറോസ് ഖാന്റെ ഈ നേട്ടം.
ഫിറോസിന്റെ സേവന മികവ് കെഎസ്ഇബി ഉന്നതാധികാരികളെ അറിയിച്ച സൗത്ത് സെക്‌ഷൻ അധികൃതർ, അവരുടെ അനുമതിയോടെയാണ് ഫിറോസ് ഖാന്റെ വീടിനു സമീപമുള്ള സക്കറിയ ബസാർ ട്രാൻസ്ഫോമറിന്റെ വിതരണ ലൈനിന് ഫിറോസ് ഖാൻ എ.ബി എന്നു പേരിട്ടത്.
‘ഒരു ഏരിയൽ ബഞ്ച്ഡ് (എബി) ലൈനിന് കാഷ്യറായ എന്റെ പേരു നൽകിയതിൽ സന്തോഷം. വർഷങ്ങളോളം ഫിറോസ് ഖാൻ ലൈൻ എ.ബി. ഇങ്ങനെ നിൽക്കുമല്ലോ–’ ഫിറോസ് സന്തോഷം പങ്കുവച്ചു.
കണ്ണൂർ കലക്ടറേറ്റിൽ റവന്യു വിഭാഗം ജീവനക്കാരനായി സർക്കാർ ജോലിയിൽ പ്രവേശിച്ച ഫിറോസ് ഖാൻ കെഎസ്ഇബിയിലേക്കു മാറിയപ്പോൾ ആദ്യം ജോലി ചെയ്തതും കണ്ണൂരിൽ തന്നെ– കെഎസ്ഇബി മാടായി സെക്‌ഷനിൽ. സെലീന കുട്ടശേരിയാണ് ഫിറോസ്ഖാന്റെ ഭാര്യ. മകൻ എഫ്.കെ.ഫർദീൻ ഖാൻ.
Content Highlight: Firoz Khan