പിളർന്ന്, വളർന്ന് കേരള കോൺഗ്രസ് ഇനി 8; എൽഡിഎഫിൽ 6, യുഡിഎഫിൽ 2
Mail This Article
തിരുവനന്തപുരം ∙ പിളർപ്പുകൾക്ക് കേരള കോൺഗ്രസിൽ ശമനമില്ല. കേരള കോൺഗ്രസിലെ (ബി) പിളർപ്പ് കൂടിയായതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ തന്നെ 8 കേരള കോൺഗ്രസുകളായി. യുഡിഎഫാണ് ഈറ്റില്ലമെങ്കിൽ പെറ്റുപെരുകിയത് എൽഡിഎഫിലാണ് എന്നതാണ് കൗതുകകരം.
കെ.എം.മാണിയുടെ പൈതൃകം പേറുന്ന കേരള കോൺഗ്രസ് (എം) ഇപ്പോൾ ഇടതുമുന്നണിയിൽ. ഒപ്പം ആർ.ബാലകൃഷ്ണപിള്ള സ്ഥാപിച്ച കേരള കോൺഗ്രസ്(ബി), ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (സ്കറിയ തോമസ്) എന്നിവ മുന്നണിയിലെ ഘടകകക്ഷികളാണ്. ഇതിൽപെട്ട, ഇപ്പോൾ കെ.ബി.ഗണേഷ്കുമാർ നയിക്കുന്ന കേരള കോൺഗ്രസ് (ബി) ആണ് രണ്ടായിരിക്കുന്നത്. ഇതോടെ എൽഡിഎഫുമായി ബന്ധപ്പെട്ടു നിൽക്കുന്ന കേരള കോൺഗ്രസുകൾ തന്നെ അഞ്ചായി. ഇതിൽ സ്കറിയ തോമസ് വിഭാഗം 2 ചേരികളായാണു നിൽക്കുന്നത്.
പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ്, ടി.എം.ജേക്കബ് സ്ഥാപിച്ച കേരള കോൺഗ്രസ് (ജേക്കബ്) എന്നിവയാണ് ഇപ്പോൾ യുഡിഎഫിലുള്ളത്. ‘കേരള കോൺഗ്രസ്’ എന്ന പേരിനു വേണ്ടി നടന്ന നിയമയുദ്ധങ്ങൾക്ക് ഒടുവിൽ അതു ലഭിച്ചത് പി.സി.തോമസിന്റെ നേതൃത്വത്തിലുളള വിഭാഗത്തിനായിരുന്നു. ആ വിഭാഗവും പി.ജെ.ജോസഫ് വിഭാഗവും കൂടി ലയിച്ചതോടെ ബ്രാക്കറ്റ് വേണ്ടാത്ത കേരള കോൺഗ്രസ് അദ്ദേഹത്തിന്റേതാണ്. എൻഡിഎയിലും ഉണ്ട് ഒരു കേരള കോൺഗ്രസ്: കുരുവിള മാത്യൂസ് ചെയർമാനായ നാഷനലിസ്റ്റ് കേരള കോൺഗ്രസ്.
English Summary: Kerala Congress split continues